കേരളത്തിൽ മങ്കിപോക്സ് സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂനെയിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ സാംപിൾ പോസിറ്റീവ് ആയത്. ഇന്ത്യയിലെ ആദ്യ കേസാണിത്. ഈ മാസം 12-ാം തീയതി യുഎഇയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ സാംപിൾ പോസിറ്റീവായത്. അച്ഛൻ, അമ്മ, ടാക്സി- ഓട്ടോ ഡ്രൈവർ, വിമാനത്തിലെ 11 യാത്രക്കാർ എന്നിവരുമായി രോഗബാധിതന് സമ്പർക്കമുണ്ട്. ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്ന് മന്ത്രി അറിയിച്ചു രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇയാൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നിന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. മങ്കിപോക്സ് ആണെന്ന സംശയത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും സാംപിൾ ശേഖരിക്കുകയും പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയും ആയിരുന്നുവെന്ന് മന്ത്രി വിശദമാക്കി