മങ്കിപോക്സ് രോഗബാധയിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. മങ്കിപോക്സ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ സംസ്ഥാനങ്ങൾ പാലിക്കണമെന്നു കേന്ദ്രം നിർദേശിച്ചു.ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ ഉദ്ധരിച്ചാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചത്. ഈ വർഷം ജനുവരി ഒന്നു മുതൽ ജൂൺ 22 വരെ 413 കേസുകളാണ് 50 രാജ്യങ്ങളിലായി സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭൂരിഭാഗം കേസുകളും യൂറോപ്യൻ മേഖലകളിലും അമേരിക്കയിലുമാണ്. ആഗോളതലത്തിൽ വ്യാപനത്തിൽ കുറവുണ്ടെങ്കിലും കേസുകളുടെ എണ്ണം ഉയരുന്നുണ്ട്. ഇന്ത്യയിലും രോഗത്തിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നും പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും കേന്ദ്രത്തിൻ്റെ കത്തിൽ പറയുന്നു.സംശയാസ്പദമായ എല്ലാ കേസുകളുടെയും സ്ക്രീനിങ്ങും പരിശോധനയും നടത്തണം. ഡോക്ടർമാരിലും മറ്റ് ആരോഗ്യ പ്രവർത്തകരിലും മങ്കിപോക്സിൻ്റെ ലക്ഷണങ്ങളെ കുറിച്ച് അവബോധമുണ്ടാക്കണം. രോഗം സ്ഥിരീകരിച്ചാൽ ഉടൻ ഐസലേഷനിൽ പ്രവേശിപ്പിക്കണം. ആശുപത്രികൾ സജ്ജമാക്കണം എന്നിങ്ങനെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ