Health

എന്താണ് മങ്കി പോക്‌സ് അഥവാ വാനര വസൂരി? ; എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ?…. ചോദ്യങ്ങൾക്കുള്ള മറുപടി ആരോഗ്യ വിദഗ്ധർ വിശദീകരിക്കുന്നു

Published

on

മങ്കി പോക്‌സ് കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ രോഗത്തിന്‍റെ ലക്ഷണങ്ങൾ എന്ന് പലർക്കുമറിയില്ല. വസൂരി വിഭാഗത്തില്‍ പെടുന്ന രോഗമാണ് കുരങ്ങ് പനി അഥവാ വാനര വസൂരി. പകരുന്ന രോഗമായതിനാല്‍ തന്നെ രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരും ജാഗരൂകരായി ഇരിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേയ്ക്ക് പകരുന്ന ഒന്നാണിത്. ചിക്കന്‍ പോക്‌സ് പോലെ പകര്‍ച്ചവ്യാധിയായത് കൊണ്ടു തന്നെ രോഗിയുമായി സമ്പര്‍ക്കത്തില്‍ വരുന്നവരും കൂടുതല്‍ ശ്രദ്ധിയ്‌ക്കേണ്ട കാര്യമുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവം എന്നിവയുമായി സമ്പര്‍ക്കം വന്നാല്‍ മനുഷ്യര്‍ക്കും ഇത് പകരുന്നു. വിവിധ തരം കുരങ്ങുകള്‍ ഉള്‍പ്പെടെ എലികള്‍, അണ്ണാന്‍, പെരുച്ചാഴി എന്നിവയെല്ലാം ഇത്തരം രോഗം വരുത്താന്‍ സാധ്യതയുള്ളവയാണ്. ഇതിനാല്‍ തന്നെ വനമേഖലകളില്‍ താമസിയ്ക്കുന്നവര്‍ക്ക് ജീവികളുമായി സമ്പര്‍ക്കമുണ്ടായാല്‍ രോഗ സാധ്യതയുമുണ്ട്.

മനുഷ്യരില്‍ നിന്നും മനുഷ്യരിലേയ്ക്ക് ഈ രോഗം പകരുന്നത് ശ്വാസകോശ സ്രവങ്ങളിലൂടെയാണ്.

ഇതിനു പുറമേ മുറിവുകള്‍, ശരീര സ്രവം, ഇവര്‍ ഉപയോഗിച്ച കിടക്ക പോലുള്ളവ, ഇത്തരക്കാരുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെയും ഈ രോഗം പകരാന്‍ സാധ്യതകളുണ്ട്. ഗർഭിണിയായ അമ്മയ്ക്ക് മങ്കി പോക്‌സ് ബാധയെങ്കില്‍ പ്ലാസന്റ വഴി കുഞ്ഞിലേയ്ക്ക് ഈ രോഗബാധയുണ്ടാകാം. ഇതല്ലെങ്കില്‍ ജനന സമയത്തോ അല്ലെങ്കില്‍ കുഞ്ഞുമായുള്ള സമ്പര്‍ക്കത്തിലൂടെയോ രോഗം പകരാം സാധാരണ ഗതിയില്‍ ഇന്‍ക്യുബേഷന്‍ പിരീഡ് 6-13 ദിവസം വരെയെങ്കിലും ചിലപ്പോഴിത് 5-21 ദിവസം വരെയുമാകാം. പനി, കഠിനമായ തലവേദന, മസില്‍ വേദന, നടുവേദന, ക്ഷീണം എന്നിവയെല്ലാം തന്നെ ഈ രോഗത്തിന് ലക്ഷണങ്ങളായി പറയാം. ഇതിനു പുറമേ ശരീരത്തില്‍ കുമിളകള്‍ വരുന്നു. പനി തുടങ്ങിയ ശേഷം 13 ദിവസങ്ങള്‍ക്കുളളിലാണ് ഇതുണ്ടാകുക. മുഖത്തും കൈകാലുകളിലും ഇതുണ്ടാകാം. ഇതിനു പുറമേ കൈപ്പത്തി, സ്വകാര്യഭാഗം, കോര്‍ണിയ എന്നീ ഭാഗങ്ങളിലും ഇത്തരം കുമിളകളുണ്ടാകാം. അണുബാധകള്‍, ബ്രോങ്കോ ന്യൂമോണിയ, സെപ്‌സിസ് എന്നിവയെല്ലാം ഇതോനുബന്ധിച്ച് വരാം. കാഴ്ച ശക്തി വരെ നഷ്ടപ്പെടുത്താന്‍ ശേഷിയുള്ള രോഗബാധയാണിത്. പകരാന്‍ സാധ്യത റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗമെങ്കിലും മരണസാധ്യത കുറവാണ്. വസൂരി വിഭാഗത്തില്‍ പെടുന്ന രോഗമായതിനാലും വസൂരിയ്ക്കുള്ള വാക്‌സിനുകള്‍ ഇപ്പോള്‍ ലഭ്യമല്ലെന്നതിനാലും തന്നെ രോഗത്തെ നിസാരമായി കാണേണ്ട ഒന്നല്ല. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടുകയെന്നത് ഏറെ പ്രധാനമാണ്. രോഗബാധയുള്ളവരില്‍ നിന്നും അകന്നു നില്‍ക്കുക, കൈകള്‍ കഴുകുക, മൃഗങ്ങളുമായുള്ള സമ്പര്‍ക്കം കുറയ്ക്കുക, രോഗികള്‍ ഉപയോഗിച്ചവ ഉപയോഗിയ്ക്കാതിരിയ്ക്കുക എന്നിവയെല്ലാം പ്രധാനമാണ്.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version