തൃശ്ശൂർ ചേർപ്പിലെ തിരുവാണിക്കാവിൽ സദാചാര ഗുണ്ടാ ആക്രമണത്തിനിരയായ ബസ് ഡ്രൈവർ മരിച്ചു. ചിറയ്ക്കൽ കോട്ടം മമ്മസ്രയില്ലത്ത് ഷംസുദ്ദീന്റെ മകൻ സഹാർ(32) ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഫെബ്രുവരി 18-ാം തീയതി രാത്രിയാണ് സഹാറിന് നേരേ സദാചാര ഗുണ്ടാ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ദിവസങ്ങളായി തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തൃശ്ശൂർ-തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യബസിലെ ഡ്രൈവറാണ് സഹാർ. ഫെബ്രുവരി 18-ന് രാത്രിയാണ് സുഹൃത്തിന്റെ വീട്ടിലെത്തിയ ഇയാളെ ഒരുസംഘം ആക്രമിച്ചത്. യുവാവിനെ സുഹൃത്തിന്റെ വീട്ടിൽനിന്നിറക്കി ക്രൂരമായി മർദിക്കുകയായിരുന്നു.സംഭവത്തിനുശേഷം വീട്ടിലെത്തിയ സഹാർ വേദനകൊണ്ട് പുളഞ്ഞ് നിലവിളിച്ചതോടെയാണ് വീട്ടുകാർ വിവരമറിയുന്നത്. തുടർന്ന് മാതാവും ബന്ധുക്കളും യുവാവിനെ ആശുപത്രിയിലെത്തിച്ചു. ആന്തരികാവയവങ്ങൾക്ക് ഉൾപ്പെടെ ഗുരുതരമായ പരിക്കേറ്റ യുവാവ് ദിവസങ്ങളായി ചികിത്സയിലായിരുന്നു.അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ പിറ്റേദിവസം പോലീസെത്തി മൊഴിയെടുത്തെങ്കിലും സദാചാരഗുണ്ടാ ആക്രമണമാണെന്ന് യുവാവ് വെളിപ്പെടുത്തിയിരുന്നില്ല. ബസ് സമയത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒരുസംഘം മർദിച്ചെന്നായിരുന്നു ആദ്യമൊഴി. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ നടന്നത് സദാചാര ആക്രമണമാണെന്ന് കണ്ടെത്തി. സുഹൃത്തിന്റെ വീടിനടുത്തുള്ള ക്ഷേത്രത്തിന് സമീപത്തുവെച്ച് യുവാവിനെ ആറുപേർ ചേർന്ന് മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തു. ഇതോടെയാണ് കൂടുതൽവിവരങ്ങൾ പുറത്തുവന്നത്.രാത്രി 12 മുതൽ പുലർച്ചെ നാലുമണിവരെ യുവാവിനെ ആറംഗസംഘം ആയുധങ്ങളടക്കം ഉപയോഗിച്ച് ആക്രമിച്ചെന്നാണ് പോലീസ് പറഞ്ഞിരുന്നത്. ഇതിനുപിന്നാലെ പ്രതികളിലൊരാളെ സഹാർ തിരിച്ചറിയുകയും ചെയ്തു. എന്നാൽ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതോടെ ആറുപ്രതികളും ഒളിവിൽപ്പോയിരുന്നു. ഇവരെ ഇതുവരെ പോലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായും സംശയമുണ്ട്.