ബെംഗളൂരുവിൽ വായു മലിനീകരണവും ഡീസൽ ബസുകളുടെ അധിക ബാധ്യതയും കുറയ്ക്കുന്നതിനായി ബിഎംടിസി കൂടുതൽ ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിക്കും. സ്വകാര്യ കമ്പനികളുമായി സഹകരിച്ച് വാടക അടിസ്ഥാനത്തിൽ ബസുകൾ ഓടിക്കാനാണ് ആലോചന. ഇതോടെ ബസ് വാങ്ങലിനും ഇന്ധനച്ചെലവിനുമുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കാനും നഷ്ടം ഒഴിവാക്കാനുമാണ് ബി.എം.ടി.സി ലക്ഷ്യമിടുന്നത്. കർണാടക ആർടിസിയിലെ 35,000 ബസുകളും മൂന്ന് സബ് കോർപ്പറേഷനുകളും 2030 ഓടെ ഇലക്ട്രിക് ആക്കി മാറ്റുമെന്ന് ഗതാഗത മന്ത്രി ശ്രീരാമലു നിയമസഭയെ അറിയിച്ചു. ബസ് ചാർജിംഗ് സംവിധാനവും അറ്റകുറ്റപ്പണിയുടെ ചെലവും കമ്പനി വഹിക്കും. ഡ്രൈവറെ കമ്പനി നിയമിക്കുമെങ്കിലും കണ്ടക്ടർമാർ ബിഎംടിസി ജീവനക്കാരായിരിക്കും. നിലവിൽ ഡീസൽ ബസുകൾ ഓടിക്കുന്നതിന് കിലോമീറ്ററിന് 75 രൂപയാണ് ബിഎംടിസി ഈടാക്കുന്നത്. ഇലക്ട്രിക് ബസുകളുടെ ഉപയോഗത്തോടെ ഇത് 41 രൂപയായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിലെ വായു മലിനീകരണം കുറയ്ക്കുന്നതിനായി കാലഹരണപ്പെട്ട ബസുകൾ മാറ്റിസ്ഥാപിക്കാനുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ നിർദ്ദേശം പാലിക്കാനും ബിഎംടിസി ലക്ഷ്യമിടുന്നു. നിലവിൽ ബിഎംടിസിയുടെ 165 ഇലക്ട്രിക് ബസുകളാണ് നഗരത്തിലെ റോഡുകളിൽ ഓടുന്നത്. 225 ബസുകൾ ഉടൻ സർവീസ് ആരംഭിക്കും.