തൻ്റെ സുഹൃത്തിൻ്റെ രോഗിയായ മകള്‍ക്ക് വേണ്ട ചികിത്സാ സഹായം വാഗ്ദാനം ചെയ്ത സര്‍ക്കാരിനും ആരോഗ്യ മന്ത്രി വീണ ജോര്‍ജിനും നന്ദി അറിയിച്ച് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. സുഹൃത്ത് സുരേഷിന്റെ മകള്‍ നാലാം ക്ലാസുകാരിയായ പ്രമേഹ രോഗമുള്ള ശ്രീനന്ദയ്ക്ക് വേണ്ടിയാണ് മന്ത്രി ചികിത്സാ സഹായം ഉറപ്പ് നല്‍കിയത്.ഏത് നിമിഷവും മൂര്‍ഛിക്കുന്ന രോഗം മൂലം മാതാപിതാക്കളുടെ സാന്നിധ്യമില്ലാതെ സ്‌കൂളില്‍ പോകാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ശ്രീനന്ദയ്ക്ക്. അസുഖത്തിന് ഒരു പരിഹാരം ഇന്‍സുലിന്‍ പമ്പ് ചെയ്യുകയാണെന്നും എന്നാല്‍ അതിന് ഏഴ് ലക്ഷവും മറ്റ് ചെലവുമായി മാസം ഇരുപതിനായിരം രൂപയോളം വേണ്ടി വരുമെന്നും ജയചന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.കുട്ടിയുടെ ചികിത്സാ ചെലവ് വഹിക്കാനുള്ള സാമ്പത്തിക ചുറ്റുപാടല്ല കുടുംബത്തിനുള്ളത്. ഇക്കാര്യം സുഹൃത്തും ഗാന രചിയിതാവുമായ ബി കെ ഹരിനാരായണനെ അറിയിച്ചപ്പോള്‍ അദ്ദേഹം ഇക്കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും സര്‍ക്കാര്‍ ചില സഹായങ്ങള്‍ കുടുംബത്തിന് നല്‍കിയെന്നും ജയചന്ദ്രന്‍ അറിയിച്ചു .ശ്രീനന്ദയ്ക്ക് ആവശ്യമായ മരുന്നും മറ്റുകാര്യങ്ങളും നല്‍കും, എന്ത് സഹായത്തിനും ആര്‍ബിഎസ്‌കെ വോളണ്ടിയേഴ്‌സിനെ വിളിക്കാം, ലൊക്കാലിറ്റിയില്‍ ഒരു നഴ്‌സ് ഉണ്ടാകും, കുട്ടിയുടെ സ്‌കൂളില്‍ ടീച്ചേഴ്‌സിന് ഈ രോഗത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തും, ശാശ്വതമായ ചികിത്സാ പദ്ധതി എന്താണോ അത് കുട്ടിക്ക് ലഭ്യമാക്കും എന്നീ കാര്യങ്ങളിലാണ് ശ്രീനന്ദയുടെ കുടുംബത്തിന് മന്ത്രി ഉറപ്പ് നല്‍കിയതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.