ഗതാഗത നിയമ ലംഘനങ്ങള്‍ പിടികൂടുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച പുതിയ എ.ഐ. ക്യാമറകള്‍ നിരീക്ഷണത്തിന് സജ്ജമായി. സെപ്റ്റംബര്‍ മാസത്തിന്‍റെ തുടക്കത്തോടെ ഇവയുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. 225 കോടി മുടക്കി 675 ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സ് (എ.ഐ) ക്യാമറകളും ട്രാഫിക് സിഗ്നല്‍ ലംഘനം, അനധികൃത പാര്‍ക്കിങ് എന്നിവ കണ്ടെത്താനുള്ള ക്യാമറകളുമടക്കം ആകെ 726 ക്യാമറകളാണ് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സ്ഥാപിച്ചത്. സെപ്റ്റംബര്‍ മുതല്‍ ക്യാമറകളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം നിയമലംഘനം നടത്തുന്നവര്‍ക്ക് പിഴയടയ്ക്കാനുള്ള നോട്ടീസ് നല്‍കാനാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. നിയമലംഘനം കണ്ടെത്തിയാല്‍ രണ്ടാം ദിവസം വാഹന ഉടമയുടെ മൊബൈലിലേക്ക് മെസേജായും പിന്നാലെ തപാല്‍ വഴിയും പിഴ അടയ്ക്കാനുള്ള അറിയിപ്പ് എത്തുന്ന രീതിയാണ് പിന്തുടരുക. അമിതവേഗത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങളെ പിടിക്കാന്‍ പുതിയ ക്യാമറകളില്‍ സാധിക്കില്ല. അതിനാല്‍ നിലവിലെ ട്രാഫിക് ക്യാമറകള്‍ തുടര്‍ന്നും ഉപയോഗിക്കും. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഇവ റോഡരികില്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ക്യാമറകളുടെ നിയന്ത്രണത്തിനായി കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍, വാഹനങ്ങളെ സംബന്ധിച്ച് നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക് സെന്‍ററിന്‍റെ
ഡാറ്റകള്‍ കിട്ടാന്‍ വൈകിയതാണ് എ.ഐ ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത് വൈകാന്‍ കാരണം.