Local

പ്രഥമ നൈപുണ്യ പരിചയ മേളയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരില്‍ നടന്നു

Published

on

നാടിന്റെ വികസനത്തിന് യുവാക്കളെ പ്രാപ്തരാക്കാന്‍ അവരുടെ തൊഴില്‍ മേഖലകളില്‍ നൈപുണ്യം ലഭ്യമാക്കല്‍ അനിവാര്യമാണെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു. അസാപ് കേരളയുടെ നേതൃത്വത്തില്‍ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളില്‍ നടത്തുന്ന നൈപുണ്യ മേളയുടെയും നൈപുണ്യ പരിശീലനത്തിലൂടെ തൊഴില്‍ നേടാന്‍ പ്രാപ്തമാക്കുന്ന കെ.സ്‌കില്‍ ക്യാമ്പയിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പരമ്പരാഗത കോഴ്സുകള്‍ ക്ലാസ് മുറികളുടെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിപോകുന്ന സാഹചര്യത്തില്‍ പ്രായോഗിക പരിശീലനം നേടാന്‍ സാഹചര്യം ഒരുക്കേണ്ടതുണ്ട്.

അഭ്യസ്തവിദ്യരുടെ നൈപുണ്യത്തിലുള്ള കുറവ് തൊഴില്‍ ലഭിക്കാന്‍ തടസ്സമാകുന്നു. ഈ സാഹചര്യത്തില്‍ അസാപ് കേരളത്തില്‍ വലിയ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ സാധ്യതയുള്ള മേഖലകളില്‍ കഴിവ് നേടാന്‍ സാഹചര്യമൊരുക്കുകയാണ് അസാപ്. സ്വന്തത്തെ ഗുണപരമായി അഴിച്ചു പണിയാന്‍ അസാപ് സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നടന്ന പരിപാടിയില്‍ ക്രൈസ്റ്റ് കോളേജ് ഓട്ടോണമസ് പ്രിന്‍സിപ്പല്‍ റെവ. ഫാ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ വൈജ്ഞാനിക സമൂഹ കേന്ദ്രീകൃതമായ സമ്പദ്വ്യവസ്ഥയ്ക്ക്, ഇരുപത് ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ തൊഴില്‍ മേഖലകള്‍, അതുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍, കോഴ്‌സിന്റെ പ്രത്യേകതകള്‍, തൊഴില്‍ സാധ്യതകള്‍, സര്‍ട്ടിഫിക്കേഷന്‍, പരിശീലനം നല്‍കുന്ന വ്യവസായ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ എന്നിവ മേളയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി.

ജൂലൈ ആദ്യവാരം ആരംഭിച്ച ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ 2500 പേരും സ്പോട്ട് രജിസ്ട്രേഷന്‍ വഴി 187 പേരും മേളയില്‍ പങ്കെടുത്തു. 133 ഓളം പരിശീലന പരിപാടികളിലേക്കുള്ള രജിസ്ട്രേഷന്‍, അസാപിന്റെ പ്ലെയ്സ്മെന്റ് പോര്‍ട്ടലിലേക്കുള്ള രജിസ്ട്രേഷന്‍, വിവിധ കോഴ്സുകള്‍ പരിചയപ്പെടുത്തുന്ന ക്ലാസുകള്‍ എന്നിവ മേളയുടെ ഭാഗമായി നടന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോര്‍ട്ടിക്സ് തുടങ്ങി വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത സംവിധാനങ്ങളുടെയും വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച വിവിധ ഉല്‍പന്നങ്ങളുടെയും പ്രദര്‍ശനവും വില്‍പനയും മേളയുടെ ഭാഗമായി നടന്നു. നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട് ക്രൈസ്റ്റ് കോളേജ്, സെന്റ് തോമസ് കോളേജ് എന്നിവയുമായി അസാപ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. വിവിധ മേഖലകളില്‍ കഴിവ് പ്രകടിപ്പിച്ചവരെ യോഗത്തില്‍ ആദരിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് കേരള നോളേജ് ഇക്കോണമി മിഷന്‍ വഴി ലഭ്യമായ സ്‌കോളര്‍ഷിപ്പുകളും കാനറ ബാങ്കുമായി സഹകരിച്ച് സ്‌കില്‍ ലോണ്‍ പദ്ധതിയെകുറിച്ചുള്ള വിവരങ്ങളും മേളയില്‍ ലഭ്യമാക്കി. ഐ.ടി, മീഡിയ, ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ്, ഇലക്ട്രോണിക് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍, മാനേജ്‌മെന്റ് മേഖലയിലെ വിദഗ്ധര്‍ നയിക്കുന്ന സ്‌കില്‍ ടോക്, തൊഴില്‍ കമ്പോളത്തിലേക്ക് സജ്ജമാക്കുന്നതിന് വേണ്ടിയുള്ള പ്ലേസ്‌മെന്റ് ഗ്രൂ മിംഗ് എന്നിവയും മേളയുടെ ഭാഗമായി നടന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് തുടങ്ങുന്നതിനുള്ള അവസരം ഒരുക്കുക, വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമായ ശേഷി ഉള്ളവരെ കണ്ടെത്തുക, തൊഴിലധിഷ്ഠിതമായി പഠിച്ചു വരുമാനം കണ്ടെത്താന്‍ സഹായിക്കുക എന്നീ ലക്ഷ്യങ്ങളും കെ സ്‌കില്‍ ക്യമ്പയിന്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. പരിപാടിയില്‍ അസാപ് കേരള ചെയര്‍പേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഡോ ഉഷ ടൈറ്റസ്, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ലതാ ചന്ദ്രന്‍, ഷീല അജയഘോഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു. അസാപ് കേരള ഹെഡ് ട്രെയിനിങ് ലൈജു ഐ പി നായര്‍ സ്വാഗതവും സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഫ്രാന്‍സിസ് ടി വി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version