Kerala

കുത്തിയൊലിക്കുന്ന പുഴയിൽ ‘നരൻ’ മോഡൽ തടിപിടുത്തം; മൂന്ന് പേർക്കെതിരെ കേസ്

Published

on

പത്തനംതിട്ട കക്കാട്ടാറിൽ മലവെള്ളപ്പാച്ചിലിൽ ഒഴികി വന്ന തടിയുടെ മുകളിൽ കയറി ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവക്കെതിരെ കേസെടുത്തു. മൂന്ന് പേർക്കെതിരെയാണ് കേസ്. ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവര്‍ തടിപിടിക്കുന്ന ദൃശ്യങ്ങള്‍ തിങ്കളാഴ്ചയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. വനംവകുപ്പും ഇവര്‍ക്കെതിരെ കേസെടുക്കുമെന്നാണ് വിവരം. കോട്ടമണ്‍പാറ സ്വദേശികളായ രാഹുല്‍ സന്തോഷ്, നിഖില്‍ ബിജു, വിപിന്‍ സമ്ണി എന്നിവരാണ് കുത്തിയൊഴുകുന്ന പുഴയില്‍ സാഹസിക തടിപിടുത്തം നടത്താന്‍ ശ്രമിച്ചത്.

മലവെള്ളം കുത്തിയൊലിച്ചതോടെയാണ് യുവാക്കള്‍ തടിപിടുത്തത്തിനായി ഇറങ്ങിയത്. മൂടോടെ ഒഴുകി വന്ന മരത്തടിയുടെ മുകളില്‍ ഇരുന്ന് ഒരു കിലോമീറ്ററോളം ദൂരം ഇവര്‍ ഒഴുകിപ്പോകുന്ന കാഴ്ച ആരെയും ഒന്ന് പേടിപ്പിക്കും. തടി കരയ്ക്കടുപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മൂന്ന് പേരും തടി ഉപേക്ഷിച്ച് കരയിലേക്ക് കയറി. ഉറുമ്പിനി വെള്ളച്ചാട്ടത്തിന് അടുത്ത് വരെ ഇവര്‍ തടിയുടെ മുകളില്‍ ഇരുന്നാണ് യാത്ര ചെയ്തത്. ഇവരുടെ സുഹൃത്താണ് വീഡിയോ പകര്‍ത്തി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്.

നരന്‍ സിനിമയിലെ ഗാനം കൂടി ചേര്‍ത്താണ് വീഡിയോ പങ്കുവച്ചത്. എന്നാല്‍ വീഡിയോയ്ക്ക് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിസാഹസികമായ രീതിയിലാണ് യുവാക്കള്‍ തടിപിടിക്കാനായി പുഴയിലേക്ക് ചാടുന്നത്. മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സമയത്ത് തന്നെ ഈ സാഹസികത കാണിച്ചതിനെതിരെയായിരുന്നു വിമര്‍ശനങ്ങള്‍.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version