വൈകിട്ട് നാല് മണിക്കാണ് പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഇത്തവണയും നിരവധി പുരസ്‌കാരങ്ങള്‍ മലയാളത്തിന് ലഭിച്ചേക്കുമെന്നാണ് സൂചന. അന്തിമ പട്ടികയില്‍ ഇടം പിടിച്ച സിനിമകളെയും, ചലച്ചിത്ര പ്രവര്‍ത്തകരേയും കുറിച്ചുള്ള സൂചനകള്‍ ഇതിനോടകം തന്നെ പുറത്തുവന്നു. താനാജി, സുരറൈ പോട്ര് എന്നീ സിനിമകളാണ് മികച്ച സിനിമയ്ക്കുള്ള അന്തിമ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. മികച്ച നടിയായി അപര്‍ണ ബാലമുരളിയും നടനായി സൂര്യയും പരിഗണനയിലുണ്ട്. സുരറൈ പോട്രിലെ അഭിനയമാണ് ഇരുവരേയും അന്തിമ പട്ടികയിലെത്തിച്ചത്. താനാജിയിലെ പ്രകടനത്തിന് അജയ് ദേവ്ഗണാണ് മികച്ച നടനുള്ള അന്തിമ പട്ടികയിലുള്ള മറ്റൊരു നടന്‍. ഫഹദ് ഫാസില്‍, ജയസൂര്യ, പൃഥ്വിരാജ് എന്നിവരെയും മികച്ച നടന്മാരില്‍ പരിഗണിച്ചിരുന്നു. മാലിക്, ട്രാന്‍സ് എന്നീ സിനിമകളിലെ പ്രകടനം ഫഹദ് ഫാസിലിനെ അന്തിമ പട്ടികയില്‍ എത്തിച്ചപ്പോള്‍ സണ്ണിയിലേയും വെള്ളത്തിലേയും അഭിനയമാണ് ജയസൂര്യയെ അവസാന ഘട്ടത്തിലേക്ക് എത്തിച്ചത്. അയ്യപ്പനും കോശിയിലേയും പ്രകടനത്തിന് പൃഥ്വിരാജിനെയും മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നു. മലയാളത്തില്‍ നിന്ന് 30 ഓളം സിനിമകളാണ് ഇത്തവണ ജൂറിക്ക് മുന്നില്‍ എത്തിയത്. സച്ചി അവസാനമായി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും മികച്ച മലയാള ചിത്രമായേക്കുമെന്നാണ് സൂചന. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും, മാലിക് എന്നീ സിനിമകളുമാണ് ഈ വിഭാഗത്തിലേക്ക് പരിഗണിക്കപ്പെടുന്ന മറ്റ് ചിത്രങ്ങള്‍. അയ്യപ്പനും കോശിയിലേയും അഭിനയത്തിന് ബിജു മേനോനെ മികച്ച സഹനടനുള്ള അവാര്‍ഡിനായി പരിഗണിക്കുന്നുണ്ട്.