തര്‍ക്കങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ കേരളം നിയോഗിച്ച സാങ്കേതിക സമിതി റിപ്പോര്‍ട്ട്. പരിസ്ഥിതി പഠനത്തെക്കുറിച്ചുള്ള ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ട് ഒരു മാസത്തിനകം ജലസേചന വകുപ്പിനു കൈമാറും. ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍, കുമളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്ന് 366 മീറ്റര്‍ താഴെയാണ് പുതിയ അണക്കെട്ടിനായി കേരളം സ്ഥലം കണ്ടെത്തിയത്. അതേസമയം, വിഷയത്തില്‍ കേരളവും തമിഴ്നാടും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ കൂടി പരിഹരിക്കപ്പെടാനുണ്ട്. അത് എത്രയുംവേഗം വേണമെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി നിര്‍ദേശിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ചീഫ് സെക്രട്ടറിതലത്തില്‍ പ്രാഥമിക ചര്‍ച്ചയും നടന്നു. പുതിയ ഡാം നിര്‍മിക്കുന്നതിന് മുന്നോടിയായി കരാര്‍ ഏജന്‍സി നല്‍കിയ പരിസ്ഥിതി ആഘാത പഠനത്തിന്റെ കരട് റിപ്പോര്‍ട്ടാണ് ജലസേചന വകുപ്പിലെയും തൃശൂര്‍ പീച്ചി കേരള വനഗവേഷണ കേന്ദ്രത്തിന്റെയും വിദഗ്ധര്‍ ഉള്‍പ്പെടുന്ന സാങ്കേതികസമിതി പരിശോധിച്ചത്. ഇപ്പോഴുള്ള പഴയ ഡാമിന്റെയും പുതുതായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഡാമിന്റെയും വൃഷ്ടിപ്രദേശത്തെ പരിസ്ഥിതി ആഘാതത്തെക്കുറിച്ചാണ് കരാര്‍ ഏജന്‍സിയായ ഹൈദരാബാദിലെ പ്രഗതി ലാബ്സ് ആന്‍ഡ് കണ്‍സല്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡ് പഠനം നടത്തിയത്. മേഖലയിലെ ജീവജാലങ്ങളെയും സസ്യങ്ങളെയും പരിസ്ഥിതിയെയും ഡാമിന്റെ നിര്‍മാണം ഒരു തരത്തിലും ബാധിക്കില്ലെന്നും കരട് റിപ്പോര്‍ട്ടില്‍ പറയുന്നു.