എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മുണ്ടങ്കോട് കോളനി നിവാസികൾ വർഷങ്ങളായി ഉപയോഗിച്ചിരുന്ന പഞ്ചായത്ത് കിണർ നവീകരിച്ചു നൽകി ജില്ലാ പഞ്ചായത്ത്. തൃശൂർ ജില്ലാ പഞ്ചായത്ത് 2022 – 23 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തിയാണ് കിണർ നവീകരിച്ചത്. കിണറിന് സംരക്ഷണ ഭിത്തിയും ആൾ മറയും ഗ്രില്ലും ഉൾപ്പെടുത്തിയാണ് നവീകരണം. ജില്ലാ പഞ്ചായത്തംഗം ജലീൽ ആദൂർ നവീകരിച്ച കിണറിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത്ലാൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഡോ. വി സി ബിനോജ് മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ വാർഡ് മെമ്പർ എൻ പി അജയൻ സ്വാഗതം ആശംസിച്ചു. കിണറിൽ നിന്നും അമ്മമാർ കോരിയെടുത്ത ജലം കൊണ്ട് പരിപാടിയിൽ പങ്കെടുത്തവർക്ക് കോളനിനിവാസികൾ നാരങ്ങാവെള്ളം നൽകി.