നാഗ്പൂരിൽ മരിച്ച കേരള സൈക്കിൾ പോളോ ടീം അംഗം നിദ ഫാത്തിമയുടെ മൃതദേഹം സംസ്കരിച്ചു. ആലപ്പുഴ കക്കാഴം ജുമഅത്ത് പളളിയിലാണ് മൃതദേഹം സംസ്കരിച്ചത്. അന്ത്യാഞ്ജലി അർപ്പിക്കാൻ സഹപാഠികളും അധ്യാപകരുമടക്കം നിരവധി പേർ അമ്പലപ്പുഴയിലുളള കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. മരണകാരണം കണ്ടെത്തുന്നതിന് അന്വേഷണം ഊർജിതമാക്കാൻ ശക്തമായ ഇടപെടൽ നടത്തുമെന്ന് എം എം ആരിഫ് എംപി പറഞ്ഞു.കുട്ടിയുടെ മരണത്തിൽ കൃത്യമായ അന്വേഷണം ഉണ്ടാകുമെന്ന് സർക്കാർ കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.