ഈ വർഷത്തെ ഞെരളത്ത് പുരസ്ക്കാരം ആശാ സുരേഷിന് ലഭിച്ചു.കേരളീയ പാട്ടു രൂപങ്ങളിൽ ശ്രദ്ധേയമായ ഒരു ക്ഷേത്രാചാര സംഗീതമാണ് സോപാന സംഗീതം. ഈ ഗാന ശൈലിയെ ക്ഷേത്ര സോപാനത്തിനു പുറത്തുള്ള വേദികളിലെത്തിച്ച് ജനകീയമാക്കിയ ആദ്യ സോപാന സംഗീതാചാര്യൻ ഞെരളത്ത് രാമപ്പൊതുവാളുടെ പേരിൽ ഞെരളത്ത് രാമപ്പൊതുവാൾ പബ്ളിക് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആസ്ഥാനമായ ഞെരളത്ത് കലാശ്രമം നൽകി വരുന്ന പുരസ്ക്കാരമാണ് ആശാ സുരേഷിന് ലഭിച്ചത്. ഷൊർണ്ണൂർ ത്രാങ്ങാലിയിൽ നടന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം.ആർ. മുരളിയാണ് പുരസ്ക്കാരം സമ്മാനിച്ചത്. 5001 രൂപയും, പ്രശസ്തിപത്രവും, അടങ്ങിയതാണ് പുരസ്ക്കാരം. ഇരിങ്ങാലക്കുട വെളുത്താട്ടിൽ വീട്ടിൽ സുരേഷ് കുമാർ രാജലക്ഷ്മി ദമ്പതികളുടെ മകളാണ് ആശാ സുരേഷ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിനിയാണ്. വളരേ ചെറുപ്പത്തിൽ തന്നെ തൻ്റേതായ ശൈലിയിൽ ഇടയ്ക്കക്കൊട്ടിപ്പാടി ഈ പാട്ടു സംസ്കൃതിക്ക് പുതിയ മാനവും, മാന്യതയും നേടിയെടുക്കുന്നതിൽ ഈ കൊച്ചു കലാകാരി ശ്രദ്ധേയമായ ചുവടു വയ്പാണ് നിർവ്വഹിച്ചിട്ടുള്ളത്. 2019 ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ആശാ സുരേഷിനെ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.