സംസ്ഥാനത്ത് നിലവില്‍ പോലീസ് ഉപയോഗിക്കുന്ന ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ മാത്രമാണ് പിടികൂടാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ മദ്യം മാത്രമല്ല, മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെയും കണ്ടെത്താന്‍ പുതിയ സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചു. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ആധുനിക സംവിധാനം ഉള്‍പ്പെടുന്ന ആല്‍ക്കോ സ്‌കാന്‍ ബസ് ആണ് പുതിയ സംവിധാനം. ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. ഇനി ലഹരി ഉപയോഗിച്ച് ഡ്രൈവിങ് നടത്തുന്ന ഡ്രൈവറുടെ ഉമിനീര്‍ പരിശോധിച്ച് ലഹരി ഉപയോഗം കണ്ടെത്താന്‍ സാധിക്കും. പരിശോധന നടത്താനുള്ള ആല്‍ക്കോ സ്‌കാന്‍ ബസ് റോട്ടറി ക്ലബ്ബ് ആണ് പോലീസിന് കൈമാറിയത്. റോട്ടറി ക്ലബ്ബിന്‍റെയും പോലീസിന്‍റെയും സഹകരണ കൂട്ടായ്മയായ റോപ്പ് പദ്ധതിക്ക് കീഴിലാണ് ബസ് കൈമാറിയിരിക്കുന്നത്. വാഹനത്തിന്‍റെ ഫ്ലാഗ് ഓഫ് കര്‍മ്മം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ബസും, പരിശോധനാ ഉപകരണവും കിറ്റുമടക്കം 50 ലക്ഷം രൂപ വിലവരുന്ന സാമഗ്രികളാണ് റോട്ടറി ക്ലബ്ബ് സമ്മാനിച്ചത്. ക്രമേണ എല്ലാ ജില്ലകളിലും ഈ സംവിധാനം ഏര്‍പ്പെടുത്താനാണ് നീക്കം.