സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അഞ്ഞൂറോളം മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി ബിജു പിടിയിൽ. പല കേസുകളിലായി 15 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണം നടത്തി കിട്ടുന്ന തുക കൊണ്ട് ആഡംബര വാഹനങ്ങളും വസ്തുവകകളും വാങ്ങി കൂട്ടുകയാണ് ബിജുവിന്റെ രീതി. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.കഴിഞ്ഞ ഡിസംബർ മുതൽ ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരി, തങ്കമണി, കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് അഞ്ചോളം ബുള്ളറ്റുകൾ മോഷണം പോയിരുന്നു. മോഷ്ടിക്കപ്പെട്ട രണ്ട് ബുള്ളറ്റുകൾ പെട്രോൾ തീർന്നതിനാൽ വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. മോഷ്ടിച്ച ബുള്ളറ്റുകൾ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലാണ് വിൽപന നടത്തിയത്. നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനുശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.