Local

‘സസ്‌നേഹം തൃശൂര്‍’ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും

Published

on

വിവിധ സാമൂഹിക വികസന പദ്ധതികളെ ഏകോപിപ്പിച്ചും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്ന ഭാവനാത്മകമായ പരിപാടികള്‍ ആവിഷ്‌ക്കരിച്ചും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘സസ്‌നേഹം തൃശൂര്‍’ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും തൃശൂര്‍ സംഗീത നാടക അക്കാദമിയിലെ റീജ്യണല്‍ തിയറ്ററില്‍ നടന്നു. ജില്ലയിലെ അഞ്ച് സ്ഥാപനങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ ‘സോള്‍ ഓഫ് തൃശൂര്‍’ സ്മരണികയുടെ പ്രകാശനം, ഭിന്നശേഷിക്കാര്‍ക്കുള്ള എംപ്ലോയബിലിറ്റി പ്രോഗ്രാമിന്റെ ഉദ്ഘാടനം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.സമൂഹത്തിലെ പ്രത്യേക പരിഗണന ആവശ്യമുള്ള വിഭാഗങ്ങള്‍ക്ക് തുല്യനീതിയും തുല്യഅവസരങ്ങളും ഉറപ്പുവരുത്തുകയും അവര്‍ക്ക് വിവേചനമില്ലാത്തതും തടസ്സരഹിതവുമായ സാഹചര്യം ഒരുക്കി നല്‍കുകയും എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സാമൂഹിക പരിസരം സാധ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ‘സസ്‌നേഹം തൃശൂര്‍’ പദ്ധതി ആവിഷ്‌ക്കരിക്കപ്പെട്ടിരിക്കുന്നത്. ദുര്‍ബല വിഭാഗങ്ങളിലെ ഭൂരഹിതര്‍ക്ക് പട്ടയം നല്‍കുന്നതിന് പ്രത്യേക പരിഗണന, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണം, ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ സാധ്യതകള്‍ ഒരുക്കല്‍, ഇന്‍ക്ലൂസിവിറ്റി പ്രോട്ടോകോള്‍ നടപ്പിലാക്കല്‍, ‘കൈമൊഴി’- ആംഗ്യഭാഷാ സാക്ഷരതാ പദ്ധതി, സമ്പൂര്‍ണ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ജില്ല, കാഴ്ച പരിമിതര്‍ക്കുള്ള ട്രാഫിക് സിഗ്നല്‍ സംവിധാനം, ഇന്‍ക്ലൂസിവിറ്റി കഫേ, സെന്‍സറി പാര്‍ക്ക്, ‘പ്രൊജക്ട് ഫ്‌ളോട്ട്’- ജലരക്ഷ പരിപാടി തുടങ്ങി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ‘സസ്‌നേഹം തൃശൂരി’ന്റെ ഭാഗമായി നടപ്പിലാക്കും. മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, ഡോ. ആര്‍ ബിന്ദു , സാമൂഹിക രാഷ്ട്രീയ സാംസകാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version