ഒല്ലൂരിലെ മേല്‍പ്പാലം റോഡിലെ നിര്‍മാണ പ്രവൃത്തികള്‍ മൂലമുണ്ടായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ വ്യവസായ എസ്റ്റേറ്റ് വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാന്‍ റവന്യൂ മന്ത്രിയും സ്ഥലം എംഎല്‍എയുമായ കെ രാജന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. മേല്‍പ്പാലത്തില്‍ റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഒരാഴ്ച്ച മുന്‍പാണ് താല്‍കാലികമായി വ്യവസായ എസ്റ്റേറ്റിലൂടെ യാത്രാ സംവിധാനം ഒരുക്കിയത്. എന്നാല്‍ അനിയന്ത്രിതമായി വാഹനങ്ങള്‍ പ്രവേശിച്ചതു കാരണം ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെടുകയായിരുന്നു.
വ്യവസായ എസ്റ്റേറ്റിലൂടെ രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 2 വരെ ഒല്ലൂരില്‍ നിന്ന് തൈക്കാട്ടുശ്ശേരിയിലേക്കും ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 7 വരെ എതിര്‍ ദിശയിലേയ്ക്കും വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടും. ഒരേസമയം ഇരുദിശയിലേക്കും വാഹനങ്ങള്‍ പോകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ എസ്റ്റേറ്റ് റോഡിന്‍റെ ഇരുകവാടങ്ങളിലും പോലീസ് ഉദ്യോഗസ്ഥരുടെയും കോര്‍പറേഷന്‍ പ്രതിനിധികളുടെയും സാന്നിധ്യം ഉറപ്പുവരുത്താനും യോഗത്തില്‍ തീരുമാനമായി. നിബന്ധനകള്‍ പാലിച്ചു കൊണ്ട് എസ്റ്റേറ്റ് വഴിയുള്ള താല്‍കാലിക യാത്രാ സംവിധാനം ഏകോപിപ്പിക്കുന്നതിന് എസിപി കെ സി സേതുവിനെ യോഗം ചുമതലപ്പെടുത്തി. റോഡ് നിര്‍മ്മാണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. യോഗത്തില്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍ സി പി പോളി, കോര്‍പ്പറേഷന്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഷൈബി ജോര്‍ജ്ജ്, എസിപി കെ സി സേതു, സിഡ്‌കോ മാനേജര്‍ സന്തോഷ് കുമാര്‍, വ്യവസായ എസ്റ്റേറ്റ് അസോസിയേഷന്‍ അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു.