കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഒരുക്കുന്ന ഓണം-നവരാത്രി പ്രദര്‍ശനം വടക്കുനാഥ ക്ഷേത്രമൈതാനിയില്‍ സെപ്തംബര്‍ രണ്ടുമുതല്‍ ഒക്ടോബർ 24വരെ സംഘടിപ്പിക്കുമെന്ന് ബോര്‍ഡ് പ്രസിഡണ്ട് വി.നന്ദകുമാര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. അമൃത്‌നാഥ് യാത്രയുടെ നിര്‍വൃതി അനുഭവവേദ്യമാക്കാവുന്ന തരത്തിലാണ് പവലിയന്‍ ഒരുക്കുന്നത്. അമൃതനാഥ് യാത്രക്ക് പുറമെ 150ല്‍പരം സ്റ്റാളുകളും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പവലിയനും അമീസ്‌മെന്‍റ് പാര്‍ക്കും ഫുഡ്‌കോര്‍ട്ട് ഉള്‍പ്പെടെയുള്ളവ സജ്ജമാക്കിയിട്ടുണ്ട്. സെപ്തംബര്‍ 2ന് പ്രദര്‍ശനം സൗജന്യമായിരിക്കും. 3ന് രാവിലെ 10മണിക്ക് മന്ത്രി കെ.രാധാകൃഷ്ണന്‍ 53 ദിവസം നീണ്ടുനില്‍ക്കുന്ന ഓണം-നവരാത്രി മെഗാ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.രാജന്‍, ആര്‍.ബിന്ദു, മേയര്‍ എം.കെ.വര്‍ഗ്ഗീസ്, പി.ബാലചന്ദ്രന്‍ എം.എല്‍എ. തുടങ്ങിയവര്‍ പങ്കെടുക്കും. 50രൂപയാണ് പ്രവേശന ഫീസ്. രാവിലെ 10 മുതല്‍ രാത്രി 9മണിവരെ പ്രദര്‍ശന നഗരിയിലേക്ക് ആളുകളെ കയറ്റും.
ബോര്‍ഡിന്‍റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തിന്‍റെ ഭാഗമാണ് എക്‌സിബിഷനെന്ന് പ്രസിഡണ്ട് പറഞ്ഞു. ഇത്തരത്തില്‍ എറണാകുളം ഉള്‍പ്പെടെ പ്രദര്‍ശനമേളകള്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌പെഷ്യല്‍ കമ്മീഷ്ണര്‍ എന്‍.ജ്യോതി, സെക്രട്ടറി ഇ.ടി.ശോഭന, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.കെ.നിതീഷ്, വടക്കുനാഥ ക്ഷേത്ര ഉപദേശക സെക്രട്ടറി ടി.ആര്‍.ഹരിഹരന്‍, അസി. കമ്മീഷ്ണല്‍ വി.എന്‍.സ്വപ്‌ന, വടക്കുനാഥ ക്ഷേത്ര മാനേജര്‍ പി.കൃഷ്ണകുമാര്‍, കെ. സജീവന്‍ എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.