Kerala

ഓണം ആഘോഷമാക്കാന്‍ ഒരുങ്ങി കേരളം. രണ്ട് മാസത്തെ ക്ഷേമപെന്‍ഷനുകള്‍ അടുത്ത ആഴ്ച വിതരണം ചെയ്യും; ഓണക്കിറ്റുകള്‍ ചൊവ്വാഴ്ച മുതല്‍

Published

on

ഓണം ആഘോഷമാക്കാൻ ഒരുങ്ങിത്തുടങ്ങുകയാണ് കേരളം. രണ്ടു മാസത്തെ വിവിധ ക്ഷേമ പെൻഷനുകൾ 3200 രൂപ വീതം അടുത്ത ആഴ്‌ച വിതരണം തുടങ്ങും. ക്ഷേമ പെന്‍ഷനായി 2100 കോടി രൂപ 57 ലക്ഷം പേർക്ക് ലഭിക്കും. 92 ലക്ഷം റേഷൻ കാർഡ്‌ ഉടമകൾക്ക്‌ ഓണക്കിറ്റ്‌ 22ന്‌ വിതരണം തുടങ്ങും. ജീവനക്കാരുടെ ശമ്പളവും പെൻഷനും പതിവുപോലെ ലഭിക്കും. കഴിഞ്ഞ തവണത്തെ ബോണസും പ്രത്യേക അലവൻസും ഓണം അഡ്വാൻസും ഇത്തവണയും ഉറപ്പാക്കും. മുൻ വർഷം 34,240 രൂപവരെ ശമ്പളമുള്ളവർക്ക്‌ 4000 രൂപ ബോണസും മറ്റുള്ളവർക്ക്‌ ആയിരം മുതൽ 2750 രൂപ വരെ ഉത്സവബത്തയും ലഭിച്ചിരുന്നു. 15,000 രൂപവരെ അഡ്വാൻസും‌ നൽകി. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം മിനിമം‌ 8.33 ശതമാനം ബോണസ്‌‌ നൽകും. 24,000 രൂപവരെ ശമ്പളമുള്ളവർക്കാണ്‌ അർഹത. മറ്റുള്ളവർക്ക് കഴിഞ്ഞവർഷം‌ 2750 രൂപ ഉത്സവബത്ത ലഭിച്ചു. ദിവസവേതനക്കാർക്ക്‌ 1210 രൂപയും.

ഓണച്ചന്ത 29 മുതൽ
കൺസ്യൂമർഫെഡിന്‍റെ 1600 ഓണച്ചന്ത 29 മുതൽ പ്രവർത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്‌സിഡിയിലും മറ്റിനങ്ങൾ‌ 10 മുതൽ 40 ശതമാനംവരെ വിലക്കുറവിലും ലഭിക്കും. മിൽമ ഓണം സ്‌പെഷ്യൽ കിറ്റും ആവശ്യത്തിന്‌ പാലും പാലുൽപ്പന്നങ്ങളും ഉറപ്പാക്കും. കശുവണ്ടി വികസന കോർപറേഷൻ കശുവണ്ടി പരിപ്പും വിലക്കിഴിവിൽ ലഭ്യമാക്കും. സഹകരണ സംഘങ്ങളും കുടുംബശ്രീയും ഓണവിപണി തുറക്കും. ഹോർട്ടികോർപ്‌ പച്ചക്കറിമേള സംഘടിപ്പിക്കും.

സപ്ലൈകോ ഓണച്ചന്തകൾ 27 മുതലാണ്‌. ജില്ലാ ചന്തകളും അന്നുതന്നെ തുറക്കും. എറണാകുളത്തും കോഴിക്കോട്ടും മെട്രോ ഫെയറുമുണ്ട്‌. 140 നിയോജക മണ്ഡലത്തിലും സെപ്തം. ഒന്നിന്‌ ചന്ത തുടങ്ങും. എല്ലാ മേളയും ആറുവരെയാണ്‌. 1000 മുതൽ 1200 രൂപവരെയുള്ള പ്രത്യേക ഓണക്കിറ്റും ലഭ്യമാക്കും.

ഹാൻടെക്‌സിന്‍റെ 84 വിൽപ്പനകേന്ദ്രത്തിൽ ഏഴുവരെ 20 ശതമാനം വിലക്കിഴിവുണ്ടാകും. വിവിധ വിഭാഗത്തിന്‌ തവണവ്യവസ്ഥയിൽ 10,000 രൂപയ്‌ക്കുവരെ തുണിത്തരങ്ങൾ ലഭ്യമാക്കും. ജില്ലകളിലെ ഓണാഘോഷത്തിന്‌ ടൂറിസംവകുപ്പ്‌ മുൻകൈ എടുക്കും. നാടൻ കലകൾക്ക്‌ പ്രാധാന്യം നൽകുന്ന ആഘോഷങ്ങൾക്കായി 35 ലക്ഷം രൂപവരെ ജില്ലകൾക്ക്‌ അനുവദിക്കും.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version