Business

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ; വടക്കാഞ്ചേരിയിൽ 551 സംരംഭങ്ങൾ

Published

on

“ഒരു വർഷം, ഒരു ലക്ഷം സംരംഭങ്ങൾ ” എന്ന പദ്ധതിയുമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാനത്ത് ഈ വർഷം ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കുകയെന്ന പദ്ധതി ലക്ഷ്യത്തോടെ കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇൻ്റേണുകളെ നിയമിച്ചുകൊണ്ട് നടപ്പിലാക്കുന്ന
പദ്ധതിയുടെ നിയമസഭാ മണ്ഡലം തല അവലോകന യോഗം മുളങ്കുന്നത്തുകാവ് കിലയിലെ ഗ്രാമ സ്വരാജ് ഹാളിൽ നടന്നു. എം എൽ എസേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ 7 ഗ്രാമപഞ്ചായത്തുകളിൽ ഓരോരുത്തർ വീതവും, വടക്കാഞ്ചേരി നഗരസഭയിൽ 2 പേരുമായി ആകെ 9 ഇൻ്റേണുകൾ പ്രവർത്തിക്കുന്നു. നടപ്പ് സാമ്പത്തിക വർഷം 1112 സംരംഭങ്ങൾ വടക്കാഞ്ചേരി മണ്ഡലത്തിൽ ആരംഭിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമെന്നും എം എൽ എ പറഞ്ഞു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സംരംഭകരെ കണ്ടെത്തുന്നതിനായി സംരംഭകത്വ ബോധവത്കരണ സെമിനാറുകൾ നടത്തുകയുംഇതിൽ പങ്കെടുത്ത 640 പേരിൽ നിന്നും സംരംഭം ആരംഭിക്കാൻ മുന്നോട്ടു വന്നവർക്കായി പ്രാരംഭ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എം എൽ എ അറിയിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇതിനായി ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുകയും സംരംഭകർക്കായി വായ്പ, സബ്സിഡി / ലൈസൻസ് മേളകൾ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പൂർത്തീകരിച്ചു. മണ്ഡലത്തിൽ 367 പേർ ഇത്തരം മേളകളിൽ പങ്കെടുത്തു. 64 പേർ ബാങ്ക് വായ്പക്കായി അപേക്ഷിച്ചതിൽ 25 സംരംഭകർക്ക് വായ്പ ഇതിനകം നൽകാനായിട്ടുണ്ട്. മറ്റ് അപേക്ഷകൾ പരിശോധനാ ഘട്ടത്തിലാണ്. *വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിൽ ഉത്പാദന-സേവന-ട്രേഡിങ് മേഖലയിൽ ‘ഒരു വർഷം ഒരു ലക്ഷം സംരംഭം’ പദ്ധതിയുടെ ഭാഗമായി ഇതുവരെ 551 യൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി 27.52 കോടി രൂപയുടെ നിക്ഷേപമുണ്ടാക്കാനും 1167 പേർക്ക് തൊഴിൽ സൃഷ്ടിക്കാൻ കഴിയുകയും ചെയ്തു.
വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിൽ ‘ഒരു വർഷം ഒരു ലക്ഷം സംരംഭം’ പദ്ധതിയുടെ ഭാഗമായി 551 സംരംഭങ്ങളാണ് ആരംഭിക്കാനായത്. 1112 സംരംഭങ്ങളാണ് ലക്ഷ്യം. തദ്ദേശ സ്ഥാപന തല അവലോകനത്തിൽ വടക്കാഞ്ചേരി നഗരസഭ (47.29%), തെക്കുംകര ഗ്രാമപഞ്ചായത്ത് (36.09 %), കോലഴി (40.14 %), തോളൂർ (53.01 %), അടാട്ട് (50%), കൈപ്പറമ്പ് (59.77 %), മുളങ്കുന്നത്തുകാവ് (57.14 %), അവണൂർ (48.51 %) എന്നീ നിലയിലാണ് ലക്ഷ്യം കൈവരിച്ചിട്ടുള്ളത്.
പദ്ധതിയുടെ ഭാഗമായ മികച്ച രീതിയിൽ മുന്നോട്ടു പോകുന്ന ചിറ്റിലപ്പിള്ളി ഹോം ട്ടു ഹോം, അമ്പലപുരം ഗ്രേറ്റ് ഇൻഡ്യൻ ഫുഡ് സ്ട്രീറ്റ്, കോലഴി റോയൽ കോണ്ടിനെന്റ്സ്, ചിറ്റിലപ്പിള്ളി സർഗ്ഗാഗ്ന, പൂമല ബദ്രീസ് നാച്ചുറൽസ്, മുണ്ടൂർ യുണൈറ്റഡ് ഫുഡ്സ്, തോളൂർ ഫ്രെഷ് കഫേ, മുതുവറ കാങ്കൻ ഫുഡ് പ്രോഡക്റ്റ്സ്, ദ ടേസ്റ്റ് ഓഫ് അടാട്ട് ഫുഡ് പ്രോസസ്സേഴ്സ്, കൈപ്പറമ്പ് റെവെസ് ആർട്ട്, മുണ്ടൂർ സ്വാതി ഫുഡ്സ് തുടങ്ങിയ സംരംഭങ്ങളെപ്പറ്റി യോഗത്തിൽ ചർച്ച ചെയ്തു.
പട്ടികജാതി സംഘങ്ങൾ, വനിതാ സംഘങ്ങൾ, ക്ഷീരോൽപ്പാദക സംഘങ്ങൾ തുടങ്ങിയവയിൽ നേരത്തേ ആരംഭിച്ചവയും നിന്നുപോയതുമായ സംഘങ്ങൾ ലിസ്റ്റ് ചെയ്ത് അവ പുനരുജ്ജീവിപ്പിക്കുന്നതിനായി നടപടികളുണ്ടാകണമെന്ന് എം എൽ എ പറഞ്ഞു. അത്താണി കെൽട്രോൺ പരിസരത്ത് പ്രവർത്തിക്കുന്ന സി-മെറ്റുമായി ബന്ധപ്പെട്ട് സംരംഭകരുടെ ക്ലസ്റ്റർ ആരംഭിക്കാനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും, ബാങ്കുകളുടെ റീജിയണൽ തല യോഗവും ബ്രാഞ്ച് മാനേജർമാരുടെ യോഗവും ചേരുകയും വനിതാ, ന്യൂനപക്ഷ വികസന കോർപ്പറേഷനുകൾ നൽകുന്ന സഹായങ്ങൾ സംരംഭകത്വമായി ബന്ധപ്പെടുത്താൻ കഴിയണമെന്നും എം എൽ എ പറഞ്ഞു. വ്യവസായ മേഖലയിൽ മണ്ഡലം തല പരിശീലന പരിപാടി സംഘടിപ്പിക്കാനും,കാർഷിക മേഖലയിലും ടൂറിസം മേഖലയിലുമുള്ള സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകാനും,. കെ എസ് ഇ ബി പ്രതിനിധികളെക്കൂടി അവലോകനത്തിൻ്റെ ഭാഗമാക്കമെന്നും, കുടുംബശ്രീ മുഖേന നേരത്തേ ആരംഭിച്ച സംരംഭങ്ങളുടെ സ്ഥിതി പരിശോധിച്ച് നിന്നു പോയത് പുനരുജ്ജീവിപ്പിക്കാനും കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രോത്സാഹനങ്ങൾ നൽകാനും കഴിയണമെന്നും, തദ്ദേശ സ്ഥാപന തലത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ വിപണന കേന്ദ്രങ്ങൾ ആരംഭിക്കാൻ കഴിയണമെന്നും എം എൽ എ പറഞ്ഞു. ജനകീയാസൂത്രണ കാലത്ത് ഉത്പാദന മേഖലയിൽ 40% തുക ചിലവഴിക്കണമെന്ന നിർദ്ദേശത്തിൻ്റെ ഭാഗമായി വാങ്ങിയ ഭൂമി യുടെ കണക്കെടുത്ത് അവ സംരംഭകർക്കായി പ്രയോജനപ്പെടുത്താൻ കഴിയണമെന്നും എം എൽ എ കൂട്ടിച്ചേർത്തു.
അവലോകന യോഗത്തിന് ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ സ്മിത ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എസ് കൃപകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലിനി ഷാജി, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആനി ജോസ്, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ഉഷാദേവി, കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി വിശ്വംഭരൻ, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിമി അജിത്ത് കുമാർ, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ജെ ദേവസ്സി (ബൈജു), കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എം ലെനിൻ, പുഴയ്ക്കൽ ബ്ലോക്ക് വ്യവസായ ഓഫീസർ പി.ആർ മിനി തൃശൂർ ഉപജില്ലാ വ്യവസായ ഓഫീസർ ഇ പി ഹരീഷ് എന്നിവർ സംസാരിച്ചു


Advertisement

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version