സംഭവത്തിൽ കേസെടുത്ത തൃശൂർ സൈബർ പൊലീസ് അരിമ്പൂർ സ്വദേശികളായ 2 പേരെ അറസ്റ്റ് ചെയ്തു. ബാങ്കിന്റെ സെർവറിൽ വന്ന വീഴ്ചയാണ് പണം മാറി വരാൻ കാരണം. സ്വന്തം ബാങ്ക് അക്കൗണ്ടിൽ തങ്ങൾ അറിയാതെ കോടികൾ ഒഴുകിയെത്തിയപ്പോൾ കാഞ്ഞാണിക്കടുത്ത് അരിമ്പൂർ സ്വദേശികളായ നിധിനും, മനുവും ഒന്ന് അന്താളിച്ചു. പിന്നെ അർമാദിച്ച് ചെലവാക്കാൻ തുടങ്ങി. ഒടുവിൽ കുടുങ്ങി. പുതു തലമുറയിൽ പെട്ട ബാങ്കുകളിലൊന്നിലാണ് സംഭവം. അറസ്റ്റിലായവരിൽ ഒരാൾക്ക് ഇവിടെ അക്കൗണ്ട് ഉണ്ടായിരുന്നു. രണ്ടു ദിവസങ്ങൾക്ക് മുമ്പ് ഈ അകൗണ്ടിലേക്ക് കൂടുതൽ പണം എത്തി. കോടികൾ അകൗണ്ടിലായതോടെ ഇവർ മത്സരിച്ച് ചെലവാക്കാനും തുടങ്ങി. ഇതുപയോഗിച്ച് ഐ ഫോൺ ഉൾപ്പെടെ പലതും വാങ്ങി. ഷെയർ മാർക്കറ്റിലും മറ്റും ഇറക്കി. കടങ്ങൾ വീട്ടി . ട്രേഡിങ് നടത്തി. എല്ലാം കൂടി രണ്ടു 2.44കോടി ചെലവാക്കി. പണം 19 ബാങ്കുകളിലെ 54 അകൗണ്ടുകളിലേക്കാണ് മാറ്റിയത്. 171 ഇടപാടുകളാണ് നടത്തിയത്. അറസ്റ്റിലായവർക്ക് അക്കൗണ്ടുള്ള ബാങ്കും മറ്റൊരു ബാങ്കും തമ്മിൽ ലയന നീക്കം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ അബദ്ധത്തിൽ കോടികൾ ഇവരുടെ അക്കൗണ്ടിലെത്തുകയായിരുന്നു എന്നാണ് കരുതുന്നത്. ലയന സമയത്തെ സാഹചര്യം ഇവർ മുതലെടുക്കാൻ ശ്രമിക്കുകയായിരുന്നോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. ഇവർക്കെതിരെ മറ്റു കേസുകൾ നിലവിലില്ലെന്ന് പോലീസ് പറയുന്നു.