ധോണി സ്വദേശിനി ശാന്തയുടെ വീടിന് സമീപമാണ് പി ടി 7 എത്തിയത്. ലീഡ് കോളേജിന് സമീപം ഇന്ന് പുലര്‍ച്ചെ 5.30നാണ് കൊമ്പനെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമഫലമായി ആനയെ കാടുകയറ്റി.കഴിഞ്ഞ ദിവസങ്ങളില്‍ പി ടി 7നൊപ്പം ഉണ്ടായിരുന്ന രണ്ട് ആനകള്‍ ഇന്നലെ രാത്രിയില്‍ എത്തിയിട്ടില്ല. ഡോക്ടര്‍ അരുണ്‍ സക്കറിയ വയനാട്ടില്‍ നിന്നും എത്തിയാല്‍ മാത്രമെ ആനയെ മയക്കുവെടി വയ്ക്കാന്‍ കഴിയുകയുള്ളൂ. ബുധനാഴ്ചയാണ് പി ടി 7നെ പിടികൂടുന്നതിനായി വയനാട്ടിലുള്ള സംഘമെത്തിയത്. കാട്ടാനകള്‍ സ്ഥിരമായി ജനവാസ മേഖലയില്‍ എത്തുന്നതിനാല്‍ ധോണി നിവാസികള്‍ ആശങ്കയിലാണ്. വി കെ ശ്രീകണ്ഠന്‍ എം പി നാട്ടുകാരുടെ പരാതികള്‍ കേള്‍ക്കുന്നതിനായി ധോണിയില്‍ എത്തിയിരുന്നു.തുടര്‍ച്ചയായി ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്ന ആന ജനങ്ങള്‍ക്ക് പേടിസ്വപ്നമായിരിക്കുകയാണ്. വൈകിട്ട് ആറ് മണിക്ക് ശേഷം ഇവിടെയുള്ളവര്‍ പുറത്തിറങ്ങാറില്ല. പലപ്പോഴും അതിരാവിലെ ജോലിക്ക് പോകുന്നവരാണ് ആനയുടെ മുന്നില്‍പ്പെടാറുള്ളത്. പിടി ഏഴാമനെ മെരുക്കാനുള്ള കൂടിന്റെ നിര്‍മാണം ധോണിയില്‍ പൂര്‍ത്തിയായി. കുങ്കിയാനകളെ കയറ്റി കൂടിന്റെ ബലം കൂടി പരിശോധിച്ചാല്‍ മയക്കുവെടി ദൗത്യത്തിലേക്കു നീങ്ങാന്‍ കഴിയും. തിങ്കളാഴ്ചയോടെ ഡോക്ടര്‍മാരുടെ സംഘമെത്തി ധോണിയിലെ ദൗത്യം ആരംഭിക്കും.