പശ്ചിമഘട്ടത്തിൽ കൂടുതലായി കാണുന്ന മാവേലിത്തവള അഥവാ പാതാളത്തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിച്ചേക്കും. വ്യാഴാഴ്ച ചേരുന്ന വനം വന്യജീവി ഉപദേശക ബോർഡിന്റെ വാർഷികയോഗത്തിൽ തീരുമാനമുണ്ടായേക്കും. വനംവകുപ്പ് ഇതുസംബന്ധിച്ച് നേരത്തേ ശുപാർശ നൽകിയിരുന്നു. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ സുവോളജി വിഭാഗം അദ്ധ്യാപകൻ ഡോ. സന്ദീപ് ദാസാണ് പാതാളത്തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്നതിനായുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പി.എസ് ഈസയും ഇതിനൊപ്പം ചേർന്നു. കേരളത്തിന്റെ ഔദ്യോഗിക തവളയായി പാതാളത്തവളയെ പ്രഖ്യാപിച്ചാൽ വർഷങ്ങുടെ കാത്തിരിപ്പിനാണ് വിരാമമിടുന്നത്.