ഇ.എൻ.ടി. വിഭാഗത്തിൽ ചികിത്സതേടിയ വെമ്പായം സ്വദേശി രാജേന്ദ്രന്‍റെ (53) വലതുകണ്ണിന്‍റെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകിയിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും രാജേന്ദ്രൻ ആരോപിച്ചു. രണ്ടാഴ്ച മുമ്പാണ് ചെവി വേദനയെത്തുടർന്ന് രാജേന്ദ്രൻ മെഡിക്കൽ കോളേജിലെത്തിയത്. ചെവിക്കുള്ളിൽ മരുന്നുവെക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചതിനെത്തുടർന്ന് ആശുപത്രയിൽ നിന്ന് മരുന്നുപായ്ക്ക് വെച്ച് ഇദ്ദേഹം വീട്ടിലേക്ക് മടങ്ങി. എന്നാൽ ഒരാഴ്ചയ്ക്കുശേഷം കാഴ്ച കുറഞ്ഞ് കൺപോള അടഞ്ഞുപോയതോടെ വീണ്ടും ആശുപത്രിയെ സമീപിച്ചു. എം.ആർ.ഐ. സ്കാനിൽ ചെവിക്കുള്ളിൽ നിക്ഷേപിച്ച മരുന്നുപായ്ക്കും കണ്ണിലേക്കുള്ള ഞരമ്പും തമ്മിൽ ഞെരുങ്ങിയിരിക്കുകയാണെന്ന് കണ്ടെത്തി. ഇയർപാക്ക് എടുത്തുമാറ്റുകയും ചെയ്തു. പിന്നീട് പലവട്ടം ആശുപത്രിയിലെത്തിയിട്ടും തുടർ ചികിത്സയ്ക്ക് സൗകര്യമൊരുക്കിയില്ലെന്നും ആരോപണമുണ്ട്.