കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന മുല്ലശ്ശേരി ബ്ലോക്കിലെ പാവറട്ടി ഖാദി സൗഭാഗ്യ നവീകരിച്ചു. 37 വർഷത്തെ സേവന പാരമ്പര്യമുള്ള ഖാദി സൗഭാഗ്യ നവീകരിച്ചതിന്‍റെ ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവ്വഹിച്ചു.
സൗന്ദര്യ സങ്കൽപ്പങ്ങൾക്കപ്പുറം ഖാദിക്ക് തനതായ പാരമ്പര്യമുണ്ടെന്നും അത് നിലനിർത്തി മേഖലയെ നവീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഖാദി ഗ്രാമ വ്യവസായത്തിൽ കൂടുതൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്താൻ ആലോചനയുണ്ട്. ചക്കിലാട്ടിയ വെളിച്ചെണ്ണ, തേൻ, തേൻ നെല്ലിക്ക തുടങ്ങി വിവിധങ്ങളായ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ പരിഗണിക്കും. ഖാദിയുടെ പരമ്പരാഗത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും നവീകരണത്തിന് വിധേയമാക്കിയും മേഖലയെ സംരക്ഷിക്കുകയാണ് ബോര്‍ഡിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഖാദി പഴയ ഖാദിയല്ല’ എന്ന സന്ദേശം ഉയര്‍ത്തി നവീന ഫാഷനിലുള്ള ഖാദി വസ്ത്രങ്ങളും വൈവിധ്യമാര്‍ന്ന ഗ്രാമ വ്യവസായ ഉല്‍പന്നങ്ങളും വിപണയിലിറക്കി ഓണത്തെ വരവേൽക്കുകയാണ് ഖാദി ബോര്‍ഡ്. ആഴ്ചയിലൊരിക്കല്‍ ഖാദി വസ്ത്രമെന്ന സര്‍ക്കാര്‍ ഉത്തരവ് ഖാദി മേഖലയ്ക്ക് വരുത്തിയ മാറ്റത്തിന്‍റെ ചുവടുപിടിച്ചാണ് കൂടുതല്‍ കരുത്തോടെ ഖാദി ഇത്തവണ വിപണിയിലെത്തുന്നത്.
ചടങ്ങിൽ മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിച്ചു. പാവറട്ടി പഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു അനിൽകുമാർ സമ്മാനക്കൂപ്പൺ വിതരണവും ആദ്യ വിൽപ്പനയും നടത്തി. തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.വി എം മുഹമ്മദ് ഗസ്സാലി, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ ജെ ഷാജൻ, മുല്ലശ്ശേരി ബ്ലോക്ക് വാർഡ് മെമ്പർമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.