പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രിയദർശിനി ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി കെ മുരളീധരൻ നിർവഹിച്ചു.കുടുംബശ്രീ ഫണ്ടിൽ നിന്നും 2.5 ലക്ഷം വിനിയോഗിച്ചാണ് ഡിജിറ്റൽ മോണിറ്ററും കമ്പ്യൂട്ടറുമുൾപ്പെടെയുള്ള സ്മാർട്ട് ക്ലാസ്സ് റൂം ഒരുക്കിയത്. കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ വഴിയാണ് ഉപകരണങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. ഇതോടൊപ്പം രണ്ടര ലക്ഷം രൂപ ചിലവിൽ ചവിട്ടി നിർമ്മാണ യൂണിറ്റ് കൂടി ആരംഭിച്ചു. ഇവയുടെ പ്രവർത്തന ഫണ്ട് പഞ്ചായത്ത് വഹിക്കും. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പഴയന്നൂർ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിൽ 40 കുട്ടികളിൽ 25 കുട്ടികൾ നേരിട്ടു വരുന്നുണ്ട്. പേന നിർമ്മാണം, പേപ്പർ ക്യാരി ബാഗ് നിർമ്മാണം, ചവിട്ടി നിർമ്മാണം, അലങ്കാര വസ്തുക്കൾ, പേപ്പർ നോട്ട് പാഡ് എന്നിവ ഇവിടെ നിർമ്മിക്കുന്നു. കുട്ടികളുടെ മാനസിക വികസത്തിനുള്ള അഗ്രി തെറാപ്പി കൃഷി ചികിത്സ ഇവിടെ ലഭ്യമാണ്. കുട്ടികൾക്കായികലാ കായിക പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. അവരുടെ അമ്മമാർക്ക് സ്വയം തൊഴിലിന് വേണ്ടി പ്രത്യാശ യൂണിറ്റ് കൂടി കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് പ്രധാനാധ്യാപിക കെ പി ദിവ്യ അറിയിച്ചു.വൈസ് പ്രസിഡന്റ് രമ്യ വിനീത് അധ്യക്ഷയായ ചടങ്ങിൽ ബഡ്സ് സ്കൂൾ അധ്യാപിക കെ പി ദിവ്യ, അസി സെക്രട്ടറി ജയമോൾ ബേബി, ജനപ്രതിനിധികളായ എ കെ ലത, എസ് സുജ, രാധ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.