ഇന്ത്യയിൽ ആദ്യമായി വാനര വസൂരി മരണം സ്ഥിരീകരിച്ചത് തൃശ്ശൂർ ജില്ലയിലാണ്. മലപ്പുറം ജില്ലയിലും ഇന്ന് വാനര വസൂരി ബാധിച്ച ഒരു രോഗിയെ കണ്ടെത്തിയിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളുള്ള തൃശ്ശൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജ് വൈറോളജി ലാബിൽ, വാനരവസൂരി രോഗം കണ്ടെത്തുന്നതിനുള്ള പി സി ആർ പരിശോധന ഉടൻ ആരംഭിക്കണമെന്ന് തൃശ്ശൂർ എം.പി ടി എൻ പ്രതാപൻ മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. കോവിഡ് രോഗനിർണ്ണയ പരിശോധനയിൽ മികവ് തെളിയിച്ച തൃശ്ശൂർ മെഡിക്കൽ കോളേജ് വൈറോളജി ലാബിൽ അടിയന്തരമായി വാനര വസൂരി രോഗം പരത്തുന്ന വൈറസിനെ കണ്ടെത്തുന്നതിനുള്ള പി സി ആർ പരിശോധന ആരംഭിക്കണം. തൃശ്ശൂർ ,എറണാകുളം ,പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ നിരീക്ഷണത്തിലുള്ളവർക്കും രോഗികൾക്കും ഏറെ പ്രയോജനപ്രദമാണ് ഈ പരിശോധന. മാത്രമല്ല രോഗനിർണയത്തിന് കാലതാമസം വരാതെ ചികിത്സ നൽകാനും സാധിക്കും. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും എത്രയും പെട്ടെന്ന് ഇത് ആരംഭിക്കുന്നതിനുള്ള നിർദ്ദേശം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.