പെരിഞ്ഞനം ചക്കരപ്പാടത്ത് ഫർണീച്ചർ നിർമ്മാണ കമ്പനിക്ക് തീപിടിച്ചു. ലക്ഷങ്ങളുടെ മര ഉരുപ്പടികൾ കത്തി നശിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് തീപിടുത്തമുണ്ടായത്. നാട്ടുകാരാണ് തീ കത്തുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ പോലീസിനെയും, ഫയർഫോഴ്സിനെയും വിവരമറിയിച്ചു. പണിത് വെച്ച വാതിലുകളും, ജനലുകളും, ഉൾപ്പെടെയുള്ളവ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് കരുതുന്നു. മതിലകം സ്വദേശി ബെന്നിയുടെ ഉടമസ്ഥതയിലുള്ള ഫർണീച്ചർ നിർമ്മാണ കമ്പനിയാണ് കത്തിനശിച്ചത്. ഏകദേശം പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, നാട്ടിക എന്നിവിടങ്ങളിൽ നിന്നും 3 യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.