ഷൊർണൂർ: മാഹിയിലെ ക്രിസ്ത്യൻ ദേവാലയത്തിൽനിന്ന് മോഷണം പോയ പീലാസ ഷൊർണൂർത്തെരുവിലെ ശിവക്ഷേത്രക്കുളത്തിൽനിന്ന് മാഹി പോലീസ് മുങ്ങിയെടുത്തു. ദേവാലയങ്ങളിൽ വിശുദ്ധകർമങ്ങൾക്കുപയോഗിക്കുന്നതാണ് പീലാസ.സംഭവത്തിൽ കുളപ്പുള്ളി സ്വദേശി തട്ടാൻചിറക്കുന്നുപറമ്പിൽ ഫിറോസിനെ മാഹി പോലീസ് കസ്റ്റഡിയിലെടുത്തു. മോഷണം നടത്തിയത് ഫിറോസാണെന്ന് ഉറപ്പുവരുത്തിയശേഷം അറസ്റ്റ് ചെയ്യുമെന്ന് മാഹി പോലീസ് പറഞ്ഞു.കഴിഞ്ഞ 14-നായിരുന്നു മാഹിയിലെ ദേവാലയത്തിൽ മോഷണം നടന്നത്. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നാണ് ഫിറോസിനെ കണ്ടെത്തിയത്. ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവക്ഷേത്രക്കുളത്തിൽ പോലീസ് പരിശോധന നടത്തിയത്.മോഷ്ടിച്ച സാധനങ്ങൾ ഷൊർണൂരിൽ വിൽക്കാൻ ശ്രമിച്ചെങ്കിലും ആരും വാങ്ങാൻ തയ്യാറാവാത്തതാണ് കുളത്തിലുപേക്ഷിക്കാൻ കാരണമെന്നാണ് പോലീസിന്റെ നിഗമനം. എസ്.ഐ. റീനയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷൊർണൂരിലെത്തി ഫിറോസിനെ പിടികൂടിയത്. ഫിറോസ് നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു.