പാലക്കാട് നിന്നും കോട്ടയത്ത് നിന്നും തീവണ്ടികളിൽ നിന്ന് കുഴൽപ്പണം പിടികൂടി. ആകെ 84 ലക്ഷം രൂപക്ക് മുകളിലുള്ള കുഴല്പണമാണ് പിടികൂടിയത്. കാരയ്ക്കൽ എക്സ്പ്രസിൽ നിന്നാണ് കുഴൽപ്പണം പിടിച്ചെടുത്തത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് RPF സംഘം കൊല്ലങ്കോട് സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്താൻ ശ്രമിച്ച പണം പിടികൂടിയത്. കാരക്കൽ എറണാകുളം എക്‌സ്പ്രസിൽ തൃച്ചിയിൽ നിന്നും ആലുവയിലേക്ക് പണം കടത്താനായിരുന്നു ശ്രമം. പ്രതികളായ സവാദ്, മുജീബ് എന്നിവരെ തുടർനടപടികൾക്കായി ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിന് കൈമാറി. പ്രതികളിൽ നിന്ന് 63 ലക്ഷത്തി അമ്പതിനായിരം രൂപയാണ് പിടിച്ചെടുത്തത്.RPF സംഘം പിടികൂടുന്നതിനിടയിൽ പ്രതികൾ തങ്ങളുടെ പക്കൽ ഉണ്ടായിരുന്ന ഒരു ബണ്ടിൽ പണം ട്രെയിനിൽ തന്നെ ഉപേക്ഷിച്ചു. ഈ പണമാണ് കോട്ടയത്ത് കാരയ്ക്കൽ എക്സ്പ്രസിൻ്റെ എ.സി കോച്ച് 47-ാം നമ്പർ സീറ്റിനടിയിൽ നിന്ന് പേപ്പർ കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. 21 ലക്ഷം രൂപയാണ് കോട്ടയത്ത് നിന്നും കണ്ടെത്തിയത്. റെയിൽവേ പോലീസും, കേരളാ പോലീസും ചേർന്നാണ് പണം പിടികൂടിയത്.