പ്ലാസ്റ്റിക്ക് ക്യാരിബാഗിന്‍റെ നിരോധനം നടപ്പിലാക്കുമ്പോള്‍ പകരം നൽകാനാവുന്ന പേപ്പര്‍ ബാഗ് ആവശ്യത്തിന് ലഭ്യമാക്കുന്നതിനായി ഗാന്ധിയൻ സ്ഥാപനമായ സർവോദയ കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരം മിത്രനികേതന്‍റെ സാങ്കേതിക സഹായത്തോടെ എരുമപ്പെട്ടി പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ രണ്ട് ദിവസത്തെ പേപ്പര്‍ ബാഗ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. സർവ്വോദയകേന്ദ്രം ഡയക്ടർ ശ്രീനിവാസൻ പുതുശ്ശേരി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. തിലകന്‍ നമ്പറത്തിന്‍റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രീമതി ബിന്ദു, സുരേഷ് മണ്ണുത്തി, ലിഷ പാഴിയോട്ടുമുറി, ഷാലി തുടങ്ങിയവർ സംസാരിച്ചു. ഒരു ലഘു യന്ത്രത്തിന്‍റെ സഹായത്തോടെ ഏത് പേപ്പര്‍ ഉപയോഗിച്ചും കുറഞ്ഞ ചിലവിൽ നല്ല കൈ പിടിയോടു കൂടിയ 15 കി. ഭാരം വരെ താങ്ങാൻ കഴിയുന്ന ബാഗുകളാണ് നിർമ്മിക്കുക. ഈസി പേപ്പര്‍ ബാഗ് മേക്കറിന് സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ 2021ലെ RIM ഇന്നവേഷൻ അവാർഡ് ലഭിച്ച സാങ്കേതിതവിദ്യയാണ് പരിശീലനത്തിനും നിർമ്മാണത്തിനും ഉപയോഗിക്കുന്നത്. പേപ്പര്‍ ബാഗ് നിർമ്മാണത്തോടൊപ്പം സ്ക്രീന്‍ പ്രിന്‍റിംഗിനുപയോഗിക്കുന്ന മഷിയുടെ നിർമ്മാണം, കേടുവരാതെ സൂക്ഷിക്കാൻ കഴിയുന്ന പശ്യുപ്പട നിർമ്മാണം, വിപണനം തുടങ്ങിയവയിലും പരിശീലനം നൽകി. പേപ്പര്‍ ബാഗ് ആവശ്യത്തിന് മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനും അതുവഴി സ്ത്രീകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും ലക്ഷ്യമാക്കി സംഘടിപ്പിച്ച പരിശീലനത്തിൽ അയൽക്കൂട്ടങ്ങളുടെയും, സ്വയംസഹായ സംഘങ്ങളുടെയും, വനിതാ ഘടക പദ്ധതിയിൽപ്പെടുത്തി സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവരുടെയും പ്രതിനിധികളാണ് പങ്കെടുത്തത്. സ്വാതന്ത്യത്തിന്‍റെ എഴുപത്തി അഞ്ചാം വാർഷിക ആഘോഷങ്ങളുടെയും ( ആസാദി കാ അമൃത് മഹോത്സവ്) സർവ്വോദയ കേന്ദ്രത്തിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായാണ് പേപ്പര്‍ ബാഗ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചത്. വളപ്പര ചെറിയ മുടക്കുമുതൽ കൊണ്ട് വീട്ടിൽ ഒരു സംരംഭമായി തുടങ്ങി പ്രതിമാസം 20000 രൂപ വരെ സമ്പാദിക്കാൻ കഴിയുന്ന പദ്ധതിയാണിത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സംരംഭം തുടങ്ങുന്നതിനും വായ്പ ലഭ്യമാക്കുന്നതിനും ഉല്‍പ്പാദന സാധന സാമഗ്രികളും, മെഷിനറിയും ഒരുമിച്ച് വാങ്ങുന്നതിനും ഉല്‍പ്പാദന പ്രക്രിയയില്‍ ഗുണനിലവാരം ഉറപ്പാക്കുന്നതിനും വിപണനത്തിനും ആവശ്യമായ പിന്തുണ നൽകുമെന്ന് സർവ്വോദയകേന്ദ്രം ഡയറക്ടർ പറഞ്ഞു. രണ്ട് ദിവസത്തെ പേപ്പര്‍ ബാഗ് നിർമ്മാണ പരിശീലനം സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പഞ്ചായത്തുകള്‍, നഗരസഭകള്‍, കുടുംബശ്രീ CDS, ADS, അയൽക്കൂട്ടങ്ങൾ, സ്വയം സഹായ സംഘങ്ങൾ, പഞ്ചായത്തിന്‍റെ വനിതാ ഘടകപദ്ധതിയിൽപ്പെടുത്തി സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർ, റസിഡന്‍റ്സ് അസോസ്സിയേഷനുകള്‍, സന്ധദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, മഹിളാസമാജങ്ങൾ, വായനശാലകള്‍ തുടങ്ങിയവർ 9074611050 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.