കേരളം, ബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളിൽ ബിജെപി പ്രവര്‍ത്തകർ നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. ഈ മൂന്ന് സംസ്ഥാനങ്ങളിലേയും പ്രവർത്തകരുടെ ധൈര്യം പ്രശംസനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഹൈദരാബാദിൽ നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹകസമിതിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലങ്കാനയില്‍ ബിജെപിയുടെ പിന്തുണ വര്‍ധിക്കുകയാണെന്നും സംസ്ഥാനത്തിന്‍റെ വികസനത്തിനായി ബിജെപി പ്രവര്‍ത്തിക്കുമെന്നും പൊതു സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. അടുത്ത നാല്‍പത് വര്‍ഷം ബിജെപിയുടെ യുഗമായിരിക്കുമെന്നും പ്രതിപക്ഷം ചിതറിപ്പോയെന്നും ഹൈദരാബാദില്‍ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്നാവും ഇനി പാര്‍ട്ടിയുടെ വളര്‍ച്ചയെന്നും യോഗം വിലയിരുത്തി. സാമുദായിക മൈത്രിക്ക് സ്നേഹ യാത്ര സംഘടിപ്പിക്കാനും യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. അടുത്ത നാല്‍പതു വര്‍ഷം രാജ്യത്ത് ബിജെപിയുടെ നില ഭദ്രമാണെന്നും നെഹ്റു- ഗാന്ധി കുടുംബത്തിന്‍റെ തോല്‍വി ഭയന്ന് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുപോലും നടത്തുന്നില്ലെന്നുമായിരുന്നു ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാക്കുകള്‍. ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ വളര്‍ച്ച വേഗത്തിലാകാന്‍ പോവുകയാണ്. തെലങ്കാനയിലും തമിഴ്നാട്ടിലും പാര്‍ട്ടി അധികാരത്തില്‍ വരുന്ന കാലം വിദൂരമല്ല. തെലങ്കാനയിലേയും ബംഗാളിലേയും കുടുംബാധിപത്യ അധികാരവാഴ്ച ബിജെപി അവസാനിപ്പിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എല്ലാ വീട്ടിലും ത്രിവര്‍ണ പതാക എന്ന പേരില്‍ രാജ്യമാകെ ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ നിര്‍വാഹസമിതിയില്‍ തീരുമാനമായിരുന്നു. അഗ്നിപഥ് പദ്ധതിയെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കാന്‍ പ്രചാരണ പരിപാടി നടത്താനും തീരുമാനമായി.