വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ശനിയാഴ്ച ഉണ്ടായ സംഘർഷത്തിലാണ് പോലീസ് കേസെടുത്തത്. തുറമുഖ നിർമ്മാണത്തെ എതിർക്കുന്ന സമരസമിതിക്കെതിരെ ഒൻപത് കേസുകൾ എടുത്തു. മോൺസിഞ്ഞോർ യൂജിൻ പെരേര ഉൾപ്പെടെയുള്ള വൈദികരെ പ്രതിചേർത്ത് വധശ്രമം, കലാപാഹ്വാനം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ലഭിക്കുന്ന പരാതികൾ പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച്ച രാവിലെ പത്തരയോടെ മുല്ലൂരിലെ തുറമുഖ കവാടത്തിലേക്ക് ഇരുപതോളം ലോറികളിൽ നിർമാണത്തിനുള്ള പാറക്കല്ലുകൾ എത്തിയതോടെയാണു സംഘർഷത്തിനു തുടക്കമായത്. സംഘർഷത്തിൽ തുറമുഖ വിരുദ്ധ സമരസമിതിയിലെ 16 പേർക്കും അനുകൂല സമര സമിതിയിലെ 4 പേർക്കും പരുക്ക് പറ്റിയിരുന്നു.