പാലക്കാട് പീഡനത്തിനിരയായ പതിനൊന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയെ ഇതുവരെ കണ്ടെത്താനായില്ല. കുട്ടി നിലവില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരിക്കുമെന്ന നിഗമനത്തിലാണ് പോലീസ്. എന്നാല്‍ രക്ഷിതാക്കളുടെ ഫോണുകളും സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പാലക്കാട് ടൗണ്‍ സൗത്ത് സിഐ ഷിജു എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത് . കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന്‍റെ നമ്പര്‍ പ്ലേറ്റ് തുണികൊണ്ട് മറച്ചിരുന്നു. സംഘമെത്തിയ ബൈക്കിന്‍റെ നമ്പറും വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. കുട്ടിയെ പീഡിപ്പിച്ച പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയതായി പരാതി. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കേയാണ് മുത്തശ്ശിയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ചെറിയച്ഛനുള്‍പ്പടെ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.