എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ലണ്ടനിലെത്തി. രാഷ്ട്രപതി ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അനുശോചനം രേഖപ്പെടുത്തും. ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളം വഴിയാണ് രാഷ്ട്രപതിയും വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അടങ്ങുന്ന പ്രതിനിധി സംഘവും യുകെയില്‍ എത്തിയത്. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമീഷണറുടെ നേതൃത്വത്തില്‍ സംഘത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ലണ്ടനിലെ അതീവ സുരക്ഷാ മേഖലയിലെ ഹോട്ടലിലാണ് സംഘം തങ്ങുന്നത്.8 ന് സ്‌കോട്ട്‌ലന്‍ഡിലെ ബാല്‍മോറല്‍ കാസിലിലെ വേനല്‍ക്കാല വസതിയില്‍ വെച്ചായിരുന്നു എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. നാളെ രാവിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി നടത്തുന്ന ഔദ്യോഗിക സല്‍ക്കാരത്തിലും പങ്കെടുത്ത ശേഷമായിരിക്കും ദ്രൗപതി മുര്‍മു ഇന്ത്യയിലേക്ക് മടങ്ങുക.