സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. റെനിലിനെ അംഗീകരിക്കില്ലെന്ന നിലപാടുമായി പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഈ നീക്കം. പുതിയ പ്രധാനമന്ത്രിയെ നാമനിർദേശം ചെയ്യുന്നത് തീരുമാനിക്കാൻ നാളെ പാർലമെൻറ് സമ്മേളനം ചേരും. ഗോതബയ രജപക്‌സെയുടെ രാജി സ്പീക്കർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഈ മാസം 20 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. അതുവരെ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ പ്രസിഡന്റ് പദവിയിൽ തുടരും. ജനാധിപത്യം പുനസ്ഥാപിക്കുന്നതിന് ജനങ്ങൾ സഹകരിക്കണമെന്നും സ്പീക്കർ അഭ്യർത്ഥിച്ചു. രജപക്‌സേ ഇന്നലെ തന്നെ രാജിക്കത്ത് നൽകിയെങ്കിലും സാങ്കേതിക കാരണം മൂലം ഇന്നാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. പുതിയ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കം കുറിക്കാൻ നാളെ പാർലമെന്റ് യോഗവും വിളിച്ചിട്ടുണ്ട്. കൂടുതൽ എംപി മാരുടെയും സൈന്യത്തിന്റെയും പിന്തുണ ഉറപ്പാക്കി പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകുമോ എന്ന ശ്രമത്തിലാണ് റെനിൽ വിക്രമസിങ്കെ. എന്നാൽ, അദ്ദേഹത്തെ മറയാക്കി രജപക്‌സെക്ക് പിന്നിൽ നിന്ന് നിയന്ത്രിക്കാൻ അവസരം നൽകില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷ കക്ഷികൾ. സർവകക്ഷി സർക്കാർ രൂപീകരിക്കണമെന്ന ആവശ്യത്തിലാണ് പ്രതിപക്ഷ പാർട്ടികൾ. തുടർ നീക്കം ചർച്ച ചെയ്യാൻ ഇന്ന് പ്രതിപക്ഷ പാർട്ടികൾ യോഗം വിളിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസയെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രതിപക്ഷ പാർട്ടികൾ നിർദേശിക്കുന്നത്. ചീഫ് മാർഷൽ ശരത് ഫോൻസേഖയും മത്സര സന്നദ്ധനായി രംഗത്തുണ്ട്.