പ്രധാനമന്ത്രി നരേന്ദമോദി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് അഞ്ചുമണിയോടെയാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുക. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും ഒരുക്കിയിട്ടുള്ളത്. വൈകിട്ട് അഞ്ചുമണിയോടെ കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം റോഡ് ഷോയിലാണ് പങ്കെടുക്കുക. വെണ്ടുരുത്തി പാലം മുതൽ തേവര കോളജ് വരെ 1.8 കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. തുടർന്ന് എസ്.എച്ച്.കോളജ് മൈതാനത്ത് നടക്കുന്ന യുവം പരിപാടിയിൽ പങ്കെടുക്കും. ഇതിനുശേഷമായിരിക്കും ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് ശേഷം കൊച്ചിയിലെ ഹോട്ടലിൽ തങ്ങുന്ന പ്രധാനമന്ത്രി നാളെ രാവിലെ തിരുവനന്തപുരത്തേക്ക് തിരിക്കും.