ആശുപത്രി വികസന സമിതിയുടെ നിർദ്ദേശമോ തീരുമാനമോ ഇല്ലാതെ, പുതിയ സർക്കാർ മെഡിക്കൽ കോളേജിൽ കൗണ്ടർ സ്റ്റാഫ് തസ്തിയിലേക്ക് ഇന്‍റര്‍വ്യൂ നടത്തിയതിൽ പ്രതിഷേധിച്ച് ആശുപത്രി വികസന സമിതി അംഗങ്ങൾ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്‍റെ ഓഫീസിൽ കയറി പ്രതിഷേധിച്ചു. ഇന്‍റര്‍വ്യൂ സബ് കമ്മിറ്റി കൂടാതെ ഇന്‍റര്‍വ്യൂ നടത്താൻപാടില്ല എന്ന ധാരണയ്ക്ക് വിരുദ്ധമായാണ് ഇന്‍റര്‍വ്യൂ നടത്തിയത്. ആശുപത്രി വികസന സമിതി ചെയർപേഴ്സൺ കലക്ടറുടെ പ്രതിനിധി കൂടാതെയുള്ള ഇന്‍റര്‍വ്യൂ നിയമവിരുദ്ധമാണെന്ന് ആശുപത്രി വികസന സമിതി അംഗങ്ങൾ ആരോപിച്ചു. നിയമ വിരുദ്ധമായ ഇന്‍റര്‍വ്യൂ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി വികസന സമിതി അംഗങ്ങൾ ഒപ്പിട്ട പരാതി സൂപ്രണ്ടിന് കൈമാറി. ആശുപത്രിയിൽ വികസന സമിതിയെ നോക്കുത്തിയാക്കി കലക്ടറുടെ അനുവാദം പോലും ഇല്ലാതെ നടത്തിയ ഇന്‍റര്‍വ്യൂ അപമാനകരമാണെന്നും നിയമവിരുദ്ധമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അംഗങ്ങൾ മുന്നറിയിപ്പ് നൽകി.
ആശുപത്രി വികസന സമിതി അംഗങ്ങളായ കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, ഡി.സി.സി ജനറൽ സെക്രട്ടറി
കെ. അജിത്കുമാർ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി.വി കുരിയാക്കോസ്, പുഴക്കൽബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആനി ജോസ്, യു.ഡി.എഫ് നിയോജമണ്ഡലം ചെയർമാൻ എൻ. എ.സാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. വി ബിജു എന്നിവർ നേതൃത്വം നൽകി. നിയമവിരുദ്ധവുമായ ഇന്‍റര്‍വ്യൂ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി വികസന സമിതി ചെയർപേഴ്സൺ ജില്ലാ കലക്ടർക്ക് പരാതി നൽകി.