പി എസ് സി പിൻവാതിൽ നിയമനത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കോർപ്പറേഷനിലെ കത്ത് വിവാദത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. പി എസ് സിയേയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനേയും നോക്കുകുത്തിയാക്കിയാണ് പിൻവാതിൽ നിയമനം നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. അനധികൃത നിയമനങ്ങൾ ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷം സഭയിൽ കുറ്റപ്പെടുത്തി. അതേസമയം സർക്കാൻ ഉദ്യോഗാർത്ഥികളോട് അനീതി ചെയ്തു എന്ന് വരുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് അടിയന്തര പ്രമേയത്തിന് മറുപടി നൽകികൊണ്ട് എംബി രാജേഷ് പറഞ്ഞു. യുഡിഎഫ് സർക്കാറിന്റെ കാലത്ത് തസ്തിക വെട്ടിക്കുറച്ചുവെന്നും എംബി രാജേഷ് വിമർശിച്ചു. കൊവിഡ് കാലത്ത് 11000 പേർക്ക് നിയമനം നൽകി. എല്ലാം അടഞ്ഞു കിടന്നപ്പോഴും പിഎസ് സി പ്രവർത്തിച്ചു. സഭ നിർത്തിവെച്ച് ഈ വിഷയം ചർച്ച ചെയ്യേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.എല്ലാ നിയമനങ്ങളും ഓഡിറ്റിങ്ങിന് വിധേയമാണെന്നും മന്ത്രി വ്യക്തമാക്കി.തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിരം നിയമനം പി എസ് സി യാണ് നടത്തുന്നത്. മറ്റ് തസ്തികകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും. ലോക്കൽ മുതൽ സംസ്ഥാന തലം വരെ റിക്രൂട്ടിങ്ങ് സംവിധാനം ഉണ്ടാക്കിയിരിന്നുവെന്നും എംബി രാജേഷ് വ്യക്തമാക്കി.