തൃശൂരിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് പൾസർ സുനി. എറണാകുളം സബ്ജയിലിലായിരുന്ന സുനിയെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. ചികിത്സ ആരംഭിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. പൾസർ സുനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ഇതേ തുടർന്ന് ഇയാളുടെ മാനസികാരോഗ്യ നില മോശമായതായാണ് അധികൃതർ വ്യക്തമാക്കുന്നത്. പള്‍സര്‍ സുനി നടിയെ ആക്രമിച്ച സംഭവത്തിൽ നേരിട്ട് പങ്കെടുത്ത ആളാണെന്നും അതിനാൽ, ജാമ്യം അനുവദിക്കാനാവില്ലെന്നുമാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ ജയിലിൽ കഴിയുന്ന ഏക പ്രതിയാണ് താനെന്നും കേസിന്റെ വിചാരണ ഇനിയും നീണ്ടുപോകുമെന്നും ചൂണ്ടിക്കാട്ടിയാണ് പൾസർ സുനി ജാമ്യാപേക്ഷ നൽകിയത്. കേസിലെ വിചാരണ പൂർത്തീകരിക്കാൻ വൈകുന്നത് പരിഗണിച്ച് കേസിലെ രണ്ടാംപ്രതിയായ മാർട്ടിന് സുപ്രീംകോടതി ജാമ്യം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പൾസർ സുനിയും ജാമ്യത്തിന് ശ്രമിച്ചത്. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം, ഈ വര്‍ഷം അവസാനത്തോടെ കേസിന്‍റെ വിചാരണ അവസാനിക്കുമെന്നാണ് സംസ്ഥാന സർക്കാർ കോടതിയിൽ അറിയിച്ചിരിക്കുന്നത്. 2017 ഫെബ്രുവരി ഇരുപത്തിമൂന്നിനാണ് പൾസർ സുനി അറസ്റ്റിലായത്. കേസിൽ അറസ്റ്റിലായ നടൻ ദിലീപിനും ജാമ്യം ലഭിച്ചിരുന്നു.