പെരിയമ്പലം ബസ് സ്റ്റോപ്പിൽ രാവിലെ ഏഴു മണിക്കാണ് സംഭവം. സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുന്നതിനിടെ അമിത ഭാരം കയറ്റിവന്ന ലോറി ബസിനു പിറകിൽ ഇടിക്കുകയായിരുന്നു. ചാവക്കാട് നിന്ന് പൊന്നാനിയിലേക്ക് പോകുകയായിരുന്ന ഗ്ലോബ് ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസ് 100 മീറ്ററോളം മുന്നിലേക്ക് നീങ്ങുകയും ചെയ്തു. ബസിന് പിറകുഭാഗം പൂർണമായും തകർന്ന നിലയിലാണ്. ബസിലുണ്ടായിരുന്ന ജീവനക്കാർ അടക്കമുള്ളവർക്കാണ് പരിക്ക് പറ്റിയത്.പ്രദേശത്തുള്ള വഴി യാത്രക്കാരനും പരിക്കുണ്ട്. നിരത്തിൽ തിരക്ക് ഇല്ലാതിരുന്നതിനാലും ബസിൽ യാത്രക്കാരുടെ എണ്ണം കുറവായിരുന്നതിനാലും വൻ ദുരന്തം ഒഴിവായി. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ലോറി ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.