പുത്തൂരിന്‍റെ മുഖച്ഛായ മാറ്റുന്ന പുത്തൂര്‍ ജംഗ്ഷന്‍ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. പുത്തൂര്‍ ജംഗ്ഷന്‍ വികസനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി കലക്ട്രേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പുത്തൂര്‍ ജംഗ്ഷന്‍ വികസനവുമായി ബന്ധപ്പെട്ട് 1.4864 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പദ്ധതിയുടെ സാമൂഹികാഘാത പഠനം നടത്തി വിദഗ്ധ സമിതിയുടെ ശുപാര്‍ശ സഹിതം ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ഒരാഴ്ചക്കകം പ്രാഥമിക വിജ്ഞാപനത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിർദേശിച്ചു. വിജ്ഞാപനം, പുനരധിവാസ പാക്കേജ്, അടിസ്ഥാന വിലനിര്‍ണയ റിപ്പോര്‍ട്ട് എന്നിവ ഉടൻ തയ്യാറാക്കണം. പോലീസ്, പഞ്ചായത്ത്, റവന്യു ഉദ്യോഗസ്ഥര്‍ ഭൂവുടമകളില്‍ നിന്ന് ഭൂമിയുടെ സര്‍വേ നമ്പര്‍, ഉടമസ്ഥാവകാശം എന്നിവ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. പുറമ്പോക്ക് ഭൂമിയിലെ നിർമാണങ്ങൾ പൂര്‍ണമായും പൊളിച്ചുനീക്കാന്‍ പിഡബ്ല്യുഡി അധികൃതര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
ഭൂവുടമകളിൽ നിന്ന് ഏറ്റെടുക്കുന്ന ഭൂമിക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അറിയിച്ചു. സ്ഥലം ഏറ്റെടുക്കുമ്പോള്‍ അലൈന്‍മെന്‍റില്‍ ഇനിയൊരു മാറ്റം പാടില്ലെന്ന് മന്ത്രി പിഡബ്ല്യുഡി വിഭാഗത്തിന് നിര്‍ദേശം നല്‍കി. കലക്ട്രേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തിൽ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, എല്‍ എ ഡെപ്യൂട്ടി കലക്ടര്‍ യമുനാദേവി, പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി ഉണ്ണികൃഷ്ണൻ,
ഭൂരേഖ തഹസിൽദാർ എം സന്ദീപ് , ജനപ്രതിനിധികൾ, പിഡബ്ല്യുഡി റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.