International

ഖത്തറിൽ മലയാളി ബാലികയ്ക്ക് പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം

Published

on

പിറന്നാൾ ദിനത്തിൽ ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ നാലു വയസ്സുകാരി കടുത്ത ചൂടിനെത്തുടർന്ന് മരിച്ചു. ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകൾ മിൻസയാണ് ദാരുണമായി മരിച്ചത്. ദോഹ അൽവക്രയിലെ ദ് സ്പ്രിങ്ഫീൽഡ് കിന്റർഗാർഡനിലെ കെജി വൺ വിദ്യാർഥിനിയാണ് മിൻസ. രാവിലെ സ്കൂൾ ബസിൽ പോയ കുട്ടി ബസിനുള്ളിൽ സീറ്റിൽ ഉറങ്ങിപ്പോയതിനാൽ ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടില്ല. കുട്ടികളെ ഇറക്കിയ ശേഷം ജീവനക്കാർ ബസ് ലോക്ക് ചെയ്തു പോവുകയായിരുന്നു. ഖത്തറിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം. ഉച്ചയ്ക്കു കുട്ടികളെ തിരികെ കൊണ്ടുപോകാനായി ബസ് എടുത്തപ്പോഴാണ് ബസിനുള്ളിൽ കുട്ടി കിടക്കുന്നതു ജീവനക്കാർ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിത്രരചനാ രംഗത്തും ഡിസൈനിങ് മേഖലയിലും ശ്രദ്ധേയനായ അഭിലാഷും കുടുംബവും വർഷങ്ങളായി ഖത്തറിലാണ് താമസിക്കുന്നത്. ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തുവരികയായിരുന്നു അഭിലാഷ്. രക്ഷിതാക്കൾ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തെന്നാണ് പ്രാഥമിക വിവരങ്ങൾ. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. അൽ വക്ര ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കു ശേഷം മിൻസയുടെ മൃതദേഹം കോട്ടയം ചിങ്ങവനത്തേക്കു കൊണ്ടുപോകും. മിൻസയുടെ സഹോദരി മീഖ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version