പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി ആണ് മരിച്ചത്. 19 വയസ്സായിരുന്നു. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയൽവീട്ടിലെ വളർത്തു നായ കടിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ലക്ഷണം കാണിച്ചു തുടങ്ങിയതോടെ ശ്രീലക്ഷ്മിക്ക് റാബീസ് വാക്‌സിൻ എടുത്തിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പേവിഷ ബാധയ്ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശിച്ച നാല് വാക്സീനുകളും ശ്രീലക്ഷ്മി സ്വീകരിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. പേവിഷബാധയുടെ യാതൊരു ലക്ഷണങ്ങളും ശ്രീലക്ഷ്മിക്ക് ഉണ്ടായിരുന്നില്ല. രണ്ട് ദിവസം മുൻപാണ് ചില ലക്ഷണങ്ങൾ ശ്രീലക്ഷ്മി കാണിച്ചത്. ഇതേ തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കിലും തൃശൂർ മെഡിക്കൽ കോളജിലും ചികിൽസ നടത്തി. വ്യാഴാഴ്ച പുലർച്ചെ 3നാണ് മരിച്ചത് . കോയമ്പത്തുർ സ്വകാര്യ കോളജിലെ ബിസിഎ ഒന്നാം വർഷ വിദ്യാർഥിനിയാണ്. അമ്മ സിന്ധു. സഹോദരങ്ങൾ സനത്ത്, സിദ്ധാർത്ഥൻ. സംസ്കാരം നടത്തി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പാലക്കാട് ജില്ലാ സര്‍വയലന്‍സ് ഓഫിസറുടെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തും.അതേസമയം പെരിഞ്ഞനത്ത് വളര്‍ത്തു നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ ഇന്ന് മരിച്ചു. കോവിലകം സ്വദേശി പതുക്കാട്ടില്‍ ഉണ്ണികൃഷ്ണന്‍ (60) ആണ് മരിച്ചത്.