ബഫർ സോൺ ഉത്തരവിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചുള്ള എസ്എഫ്ഐ മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്ന് ഒരു വിഭാഗം പ്രവർത്തകർ ഓഫിസിന് പിന്നിലെ ജനൽ വഴി കയറി ഓഫീസ് അടിച്ചു തകർത്തു. രാഹുൽ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിൻ പുൽപ്പള്ളിയെ മർദ്ദിച്ചതായി കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ 20 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിലായി. എസ്എഫ്ഐ പ്രവർത്തകരെ പറഞ്ഞയച്ചത് സിപിഐഎം എന്ന് ഡിസിസി പ്രസിഡൻറ് ആരോപിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയാണ് എംപിയുടെ ഓഫീസ് അടിച്ചു തകർക്കുന്നതിന് വേണ്ടി എസ്എഫ്‌ഐ പ്രവർത്തകരെ അയച്ചതെന്ന് ഡിസിസി അദ്ധ്യക്ഷൻ എൻഡി അപ്പച്ചൻ ആരോപിച്ചു. അതേ സമയം വിഷയം പഠിക്കട്ടെയെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറി പി പി ഗഗാറിന്റെ പ്രതികരണം.