National

രാജ്യസഭയിൽ പ്രതിഷേധിച്ച എ എ റഹീം ഉൾപ്പെടെയുള്ള 19 എംപിമാർക്ക് സസ്പെൻഷൻ.

Published

on

കേരളത്തിൽ നിന്നുള്ളവർ ഉൾപ്പെടെ 19 എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. എ എ റഹീം, വി ശിവദാസൻ, പി സന്തോഷ് എന്നിവർക്കാണ് സസ്പെൻഷൻ. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനാണ് നടപടിയുണ്ടായത്. ഡിഎംകെ എം പി. കനിമൊഴി, തൃണമൂൽ കോൺഗ്രസ് എം പിമാരായ സുഷ്‌മിത ദേവ്, ഡോള സെൻ എന്നിവരും സസ്പെൻഷൻ നടപടി നേരിടുന്നവരിൽ ഉൾപ്പെടുന്നുണ്ട്. ഈ ആഴ്ച മുഴുവൻ സസ്പെൻഷൻ നിലനിൽക്കും. മുന്നറിയിപ്പ് നൽകിയിട്ടും എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനാണ് സസ്പെൻഷൻ നടപടി. ജി എസ് ടി സ്ലാബിലെ മാറ്റം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എംപിമാരുടെ പ്രതിഷേധം. പതിനൊന്ന് മണിയോടെ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി എംപിമാർ പ്രതിഷേധിച്ചതോടെ സഭാ നിർത്തിവച്ചിരുന്നു. പിന്നീട് 12 മണിയോടെ സഭ വീണ്ടും ചേർന്നെങ്കിലും എപിമാർ പ്രതിഷേധം തുടർന്നു. ഈ സാഹചര്യത്തിലാണ് സസ്പെൻഷൻ നടപടിയുണ്ടായത്. വിലക്ക് മറികടന്ന് ലോക്സഭയിൽ പ്ലക്കാർഡ് ഉയർത്തിയതിനാണ് നാല് കോൺഗ്രസ് എംപിമാരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. മാണിക്കം ടാഗോർ, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതി മണി എന്നീ നാല് പേരെയാണ് സസ്പെന്റ് ചെയ്തത്. സഭാസമ്മേളനം കഴിയുംവരെയാണ് സസ്പെൻഷൻ. വിലക്കയറ്റത്തിനെതിരെയാണ് എംപിമാർ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചത്. സഭയ്ക്കുള്ളിൽ പ്ലക്കാർഡ് ഉയർത്തരുതെന്ന് സ്പീക്കർ ഓം ബിർല ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മൂന്ന് മണിക്ക് ശേഷം ചർച്ചയ്ക്ക് അവസരം തരാമെന്നും സ്പീക്കർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് കേൾക്കാൻ‌ എംപി മാർ കൂട്ടാക്കിയില്ല. പിന്നാലെയായിരുന്നു സസ്പെൻഷനുമായി സ്പീക്കർ മുന്നോട്ട് പോയത്. ‌

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version