Kerala

10 ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം; ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി

Published

on

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് 10 ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. ദുരന്ത നിവാരണ അതോറിറ്റി അതത് സമയങ്ങളില്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം കനത്ത മഴയില്‍ സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. എറണാകുളത്ത് മുവാറ്റുപുഴയാറിലും പെരിയാറിലും വെള്ളം ഉയരുകയാണ്. മുവാറ്റുപുഴയാറിലും കാലടിയിലും ജലനിരപ്പ് അപകടരേഖയ്ക്കും മുകളിലായെന്ന് കളക്ടര്‍ അറിയിച്ചു. ആലുവ ശിവക്ഷേത്രം വെള്ളത്തില്‍ മുങ്ങി. ആലുവ-മൂന്നാര്‍ റോഡിലും വെള്ളം കയറിയിരിക്കുകയാണ്. കോതമംഗലം തങ്കളം ബൈപ്പാസും മണികണ്ഠന്‍ ചാലും വെള്ളത്തിലായി.

പത്തനംതിട്ടയില്‍ 20 അംഗ എന്‍ഡിആര്‍എഫ് സംഘത്തെ നിയോഗിച്ചു. പമ്പ, അച്ചന്‍കോവില്‍, മണിമല നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. പമ്പയില്‍ ആറാട്ട് കടവിലടക്കം ജലനിരപ്പ് ഉയരുകയാണ്. വ്യാഴാഴ്ച ശബരിമലയില്‍ നടക്കുന്ന നിറപുത്തിരി ചടങ്ങില്‍ ഭക്തരെ അനുവദിക്കണോ എന്ന് തീരുമാനിക്കും. ഗവി ഉള്‍പ്പെടെ വനമേഖലയിലും കനത്ത മഴ തുടരുകയാണ്.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version