Local

പോക്സോ കേസ്സിൽ റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന് 21 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

Published

on

പത്ത് വയസ്സുകാരിക്ക് നേരെ ലൈംഗിക പീഡനക്കേസ്സിൽ റിട്ടയേഡ് പോലീസുദ്യോഗസ്ഥന് വിവിധ വകുപ്പുകളിലായി 21 വർഷം കഠിന തടവിനും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു കൊണ്ട് തൃശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്ജ് ബിന്ദു സുധാകരൻ വിധി പറഞ്ഞു. വേലൂർ സ്വദേശിയായ തെക്കൂട്ട് കൃഷ്ണൻ മകൻ ഗംഗാധര(75 വയസ്സ്) നെയാണ് കോടതി ശിക്ഷിച്ചത്. പോക്സോ നിയമം 5,6 വകുപ്പുകൾ പ്രകാരം 20 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും ഇന്ത്യൻ ശിക്ഷാ നിയമം 342 വകുപ്പു പ്രകാരം ഒരു വർഷം കഠിന തടവിനും പതിനായിരം രൂപ പിഴയടക്കുന്നതിന്നുമാണ് ശിക്ഷാവിധി. പിഴയടക്കാത്ത പക്ഷം ശിക്ഷാ കാലാവധി 7 മാസം കൂടി അനുഭവിക്കേണ്ടി വരും പിഴയടക്കുന്ന പക്ഷം പിഴ തുക ക്രമിനൽ നടപടി നിയമം 357 വകുപ്പു പ്രകാരം അതിജീവിതക്ക് നൽകണമെന്നും വിധിന്യായത്തിൽ പ്രത്യേക പരാമർശമുണ്ട്. 2016 ലാണ് കേസ്സിന്നാസ്പദമായ സംഭവം നടന്നത്. വീട്ടിലേക്ക് വന്ന അയൽവാസിയായ ബാലികയെ പ്രതി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്സ്. സമൂഹത്തിൽ രക്ഷകനാകേണ്ട ഒരാൾ നടത്തിയ കുറ്റകൃത്യത്തിന് പ്രതിക്ക് ശിക്ഷയിൽ ഒരു ഇളവും അർഹിക്കുന്നില്ലെന്നും മാതൃകാപരമായ ശിക്ഷ നൽകണമെന്നുമുള്ള വാദമാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 14 സാക്ഷികളെയും 12 രേഖകളും തെളിവിൽ ഹാജരാക്കിയാണ് വിചാരണ പൂർത്തിയാക്കിയത്. പ്രതിഭാഗത്തു നിന്നും രണ്ട് സാക്ഷികളെ വിസ്തരിക്കുകയുണ്ടായി. എ.സി.പി. വി.കെ . രാജു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസ്സിൽ സബ് ഇൻസ്പെക്ടർ സതീഷ് കുമാർ ആണ് കേസ്സ് റജിസ്റ്റർ ചെയ്തത്. സീനിയർ സിവിൽ പോലിസ് ഓഫീസർ രാജീവ്, വനിതാ പോലീസ് ഓഫീസർമാർ എന്നിവർ അന്വേഷണത്തെ സഹായിച്ചു. പ്രോസിക്യൂഷനു വേണ്ടി ഫാസ്റ്റ് ട്രാക് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ: കെ.പി. അജയ്കുമാർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version