പാലക്കാട് മണ്ണാര്‍ക്കാട്ടില്‍ സ്‌കൂൾ കുട്ടികളുടെ ഉച്ചകഞ്ഞിക്കുള്ള അരി സ്വകാര്യ ഗോഡൗണിൽ നിന്നും പിടികൂടി. മുപ്പത് ചാക്ക് അരിയാണ് കുമരംപുത്തൂര്‍ പോത്തോഴിക്കാവ് റോഡിലുള്ള ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. വാഹനവും ഡ്രൈവർ ഷഫീജിനേയും മണ്ണാര്‍ക്കാട് പൊലീസ് പിടികൂടി.കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്നിലുള്ള സ്‌കൂളിലേക്ക് അനുവദിച്ച അരിയാണ് സ്വകാര്യ വ്യക്തിയുടെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്.
സ്‌കൂളിൽ നിന്നും അനധികൃതമായി അരി കടത്തുന്നതായി വിവരം ലഭിച്ച പൊലീസ് വാഹനത്തെ പിന്തുടർന്ന് ഗോഡൗണിൽ വെച്ച് പിടികൂടുകയായിരുന്നു. ഇത്തരത്തിൽ സ്‌കൂളുകളിൽ നിന്നും റേഷൻ കടകളിൽ നിന്നും അരി എത്താറുണ്ടെന്നും പിന്നീട് രൂപമാറ്റംവരുത്തി പൊതുവിപണിയിൽ എത്തിക്കുന്നതാണ് പതിവെന്നും പൊലീസ് പറയുന്നു. കൂടുതല്‍ അന്വേഷണം തുടരുന്നതായി മണ്ണാര്‍ക്കാട് പൊലീസ്.